ഗൂഡല്ലൂര്‍ : പ്രസിദ്ധമായ ഊട്ടിപുഷ്പമഹോത്സവം മെയ് 27,28,29 തിയതികളില്‍ സസ്യോദ്യാനത്തില്‍ നടക്കും.
കുന്നൂര് സിംസ് പാര്‍ക്കില്‍ 58-ാമത് പഴ വര്‍ഗ മേളക്ക് ഉജ്ജ്വല തുടക്കം. കൃഷിവകുപ്പ്, ടൂറിസംവകുപ്പ്, ജില്ലാഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മേള 24 ന് സമാപിക്കും. മേള ജില്ലാ കലക്ടര്‍ പി.ശങ്കര്‍ മേള ഉദ്ഘാടനം ചെയ്തു. ഡിആര്‍ഒ ഭാസ്കരപാണ്ഡ്യന്‍, ആര്.ഡി.ഒ ഗീതാപ്രിയ, കൃഷിവകുപ്പ് ഡപ്യുട്ടി ഡയറക്ടര്‍ മണി, ടൂറിസംവകുപ്പ് ഓഫീസര്‍ വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഊട്ടി പുഷ്പമഹോത്സവത്തോട് അനുബന്ധിച്ചാണ് പഴ വര്ഗമേള നടത്തുന്നത്. 3000 കിലോ പൈനാപ്പിള്‍, ഓറഞ്ച് എന്നി പഴങ്ങള്‍ കൊണ്ട് സൃഷ്ടിച്ച 10 അടി അകലവും 25 അടി ഉയരവുമുള്ള ലൈറ്റ് ഹൗസിന്റെ മാതൃകയും ആയിരം കിലോ മുന്തിരി കൊണ്ടും പ്ലംസ് കൊണ്ടും സൃഷ്ടിച്ച 15 അടി നീളവും 10 അടി വീതിയുമുള്ള പായകപ്പലിന്റെ മാതൃകയും സഞ്ചാരികളുടെ മനംകവരുന്ന കാഴ്ചയാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, ഈറോഡ്, തിരിപ്പൂര്, കൃഷ്ണഗിരി, സേലം, ദിണ്ഡുക്കല്, ധര്‍മപുരി, മധുര, തിരുനല്‍വേലി, തേനി തുടങ്ങിയ ജില്ലകളിലെ കൃഷിവകുപ്പിന്റെ പ്രത്യേകം രൂപ കല്‍പ്പന ചെയ്ത പഴങ്ങളുടെ സ്റ്റാളുകളും മേളയില്‍ ഒരുക്കിയിരുന്നു. മാജിക് ഷോ, ഗാനമേള തുടങ്ങിയവയും മേളക്ക് കൂടുതല്‍ കൊഴുപ്പേകി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഈ വര്‍ഷം വസന്തോത്സവം വെട്ടിചുരുക്കിയിരുന്നു. ഊട്ടി റോസ് ഗാര്‍ഡനിലെ പനനീര് പൂമേള, ബോട്ട് ഹൗസിലെ ബോട്ട് സവാരി മത്സരം, കോത്തഗിരി നെഹ്റു പാര്‍ക്കിലെ പച്ചക്കറി മേള, ഗൂഡല്ലൂരിലെ സുഗന്ധവ്യജ്ഞന പ്രദര്‍ശനമേള തുടങ്ങിയവ ഇത്തവണ മാറ്റിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: