മുംബൈ: സിംബാബ്‌വെയില്‍ ജൂണ്‍ 11ന് തുടങ്ങുന്ന ഏകദിന, ട്വന്റി20 പരമ്പരയില്‍ ടീം ഇന്ത്യ പുതുമോടിയില്‍. ഇടയ്‌ക്കിടെ ദേശീയ ടീമിന്റെ പടിവാതില്‍ കാണുന്ന താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. നയിക്കാന്‍ കാരണവരായി എം.എസ്. ധോണിയും. അഞ്ചു പുതുമുഖങ്ങളും, ഏകദിന സംഘത്തില്‍ ഇതുവരെ ഇടം കണ്ടെത്താത്ത കെ.എല്‍. രാഹുലും ടീമിലുണ്ട്. വിദര്‍ഭ ബാറ്റ്‌സ്മാന്‍ ഫയസ് ഫസല്‍, മലയാളി താരം കരുണ്‍ നായര്‍, മന്‍ദീപ് സിങ്, സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹല്‍, ജയന്ത് യാദവ് എന്നിവര്‍ പുതുമുഖങ്ങള്‍.
ആഭ്യന്തര മത്സരങ്ങളിലെയും ഐപിഎല്ലിലെയും പ്രകടനങ്ങളാണ് ഇവരെ തുണച്ചത്.
അമ്പാട്ടി റായുഡു, അക്ഷര്‍ പട്ടേല്‍, മനീഷ് പാണ്ഡെ, റിഷി ധവാന്‍, ധവാല്‍ കുല്‍ക്കര്‍ണി, ജസ്പ്രീത് ബുംറ എന്നിവരും ടീമിലുണ്ട്.
വിന്‍ഡീസിലേക്കുള്ള ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ കെ.എല്‍. രാഹുലിനെ മാത്രമാണ് പരിഗണിച്ചത്. 275 ഏകദിന മത്സരങ്ങളും 68 ട്വന്റി20യും ധോണി മാത്രം കളിച്ചപ്പോള്‍, ടീമിലെ മറ്റ് പതിനഞ്ച് താരങ്ങളെല്ലാവരും ചേര്‍ന്ന് കളിച്ചത് 83 ഏകദിനങ്ങളും 28 ട്വന്റി20യും. ജൂണ്‍ പതിനൊന്നിനും 22നും ഇടയില്‍ മൂന്ന് ഏകദിനങ്ങളും മൂന്നു ട്വന്റി20യുമാണ് സിംബാബ്‌വെയില്‍ ഇന്ത്യ കളിക്കുക.
ടീം: എം.എസ്. ധോണി (നായകന്‍, വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍, ഫയസ് ഫൈസല്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, അമ്പാട്ടി റായുഡു, ഋഷി ധവാന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, ജസ്പ്രീത് ബുംറ, ബരീന്ദര്‍ സ്രന്‍, മന്‍ദീപ് സിങ്, കേദാര്‍ ജാദവ്, ജയദേവ് ഉനദ്ക്ത്, യുസ്‌വേന്ദ്ര ചഹല്‍.
















