ന്യൂദല്‍ഹി: വ്യാപക ആക്രമണങ്ങള്‍ നടന്ന കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ എംപിമാരുടെ സര്‍വ്വകക്ഷി സംഘത്തെ പ്രവേശിപ്പിക്കാന്‍ സിപിഎം തയ്യാറാകണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. നിഷ്ഠുരമായ സിപിഎം ആക്രമണങ്ങള്‍ നടന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാമത്തില്‍ പ്രവേശിക്കാനുള്ള അനുവാദം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കണമെന്നും ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ ആവശ്യപ്പെട്ടു.
പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കാത്ത പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണ്. ദേശീയ മാധ്യമങ്ങളെ അടക്കം കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് കയറ്റില്ലെന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. കേരളത്തിലെ അക്രമസംഭവങ്ങളെ ലഘൂകരിച്ചുകൊണ്ടുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു ആര്‍എസ്എസ്.
കണ്ണൂരിലെ സ്ഥിതിഗതികള്‍ രൂക്ഷമാണ്. കേരളത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ മൂടിവെയ്‌ക്കാനാണ് യെച്ചൂരിയുടെ ശ്രമം. രാഷ്‌ട്രീയ എതിരാളികളോട് തികഞ്ഞ അസഹിഷ്ണുതയാണ് സിപിഎം കേരളത്തില്‍ കാണിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സിപിഎം അക്രമത്തിനിരകളായിട്ടുണ്ട്. പിണറായി വിജയന്റെ പിണറായി പഞ്ചായത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ 48 വീടുകളാണ് സിപിഎമ്മുകാര്‍ ആക്രമിച്ച് തകര്‍ത്തത്. ഒഞ്ചിയത്തെ ആര്‍എംപി പ്രവര്‍ത്തകരെ മൃഗങ്ങളെ വേട്ടയാടുന്നതുപോലെ സിപിഎം വേട്ടയാടുകയാണ്. സംസ്ഥാന പോലീസ് തികഞ്ഞ നിഷ്‌ക്രിയത്വമാണ് സ്വീകരിക്കുന്നത്.
എംപിമാരുടെ പ്രതിനിധിസംഘം പിണറായി പഞ്ചായത്തിലെത്തി സന്ദര്‍ശനം നടത്തിയാല്‍ രാജ്യത്തിന് മുഴുവന്‍ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു.
ദേശീയ മാധ്യമങ്ങളും സര്‍വ്വകക്ഷി എംപിമാരുടെ സംഘവും കണ്ണൂര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തണമെന്ന ആവശ്യമാണ് ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്നത്.
















