ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ നേതൃത്വ പ്രശ്‌നത്തെക്കുറിച്ച് ചോദ്യമുയര്‍ത്തി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. ഇതൊരു പാര്‍ട്ടിയാണോ അതോ ഒരു കുടുംബത്തിന് ചുറ്റുമുളള ആള്‍ക്കൂട്ടമാണോയെന്നും അദ്ദേഹം ചോദിച്ചു. ഒരു ടിവി ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രതികരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് എങ്ങോട്ടാണ് പോകുന്നത്. ആ പാര്‍ട്ടി ഒരു വംശാധിപത്യമായി നിലനില്‍ക്കുമോ അതോ കഴിവിന് മുന്‍ഗണന നല്‍കിയുളള ഒരു നേതൃത്വം പാര്‍ട്ടിക്ക് ഉണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു. ഒരു കുടുംബത്തിന് ചുറ്റും കൂടി നിന്ന് ഇത്തരത്തില്‍ ഒരു പാര്‍ട്ടിയെ നിലനിര്‍ത്താന്‍ നമ്മുടേത് പോലെ ഒരു വലിയ രാജ്യത്ത് സാധിക്കില്ല. ഇവരുടെ പാര്‍ട്ടിയില്‍ ഒരു ഘടനവത്ക്കരണം വേണോയെന്ന് അവര്‍ സ്വയം തീരുമാനിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ ആരാകണമെന്ന് തീരുമാനിക്കേണ്ടത് ബിജെപിയുടെ മുതിര്‍ന്ന നേതാവല്ലെന്നായിരുന്നു ജെയ്റ്റിലുടെയുടെ ആശങ്കകളോട് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌സിങ്ങിന്റെ പ്രതികരണം. തുടര്‍ ചര്‍ച്ചയില്‍ ജെയ്റ്റ്‌ലിയുടെ മറുപടി ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ഈ പ്രതികരണം. ജെയ്റ്റിലിയുടെ ആശങ്കകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷയെ ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുത്തതാണ്. ജിതേന്ദ്രപ്രസാദാണ് സോണിയയ്‌ക്കെതിരെ മത്സരിച്ചത്. ഉടന്‍ തന്നെ അടുത്ത അധ്യക്ഷ തെരഞ്ഞെടുപ്പുണ്ടാകും. ജെയ്റ്റ്‌ലിയോട് അടുപ്പമുളളള കോണ്‍ഗ്രസുകാരോട് മത്സരിക്കാന്‍ നിര്‍ദേശിക്കാമെന്നും സിങ് പറഞ്ഞു.
കോണ്‍ഗ്രസിനെ ഉദ്ധരിക്കാനായി പ്രിയങ്ക നേതൃത്വത്തിലേക്ക് വരുമോയെന്ന ചോദ്യത്തിന്, പ്രിയങ്ക കഴിവുളളയാളാണെന്നും ഇന്ദിരാഗാന്ധിയുമായി ഏറെ സമാനതകളുണ്ടെന്നും സിങ് മറുപടി നല്‍കി. പ്രിയങ്ക വരികയാണെങ്കില്‍ തങ്ങള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ അക്കാര്യം തീരുമാനിക്കേണ്ടത് അവരുടെ കുടുംബമാണ്. കോണ്‍ഗ്രസിനെ മൂലയ്‌ക്കിരുത്താനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ജിഎസ്ടി ബില്ലിനെക്കുറിച്ച് അടുത്ത പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമെന്ന് ഒരു ചോദ്യത്തിനുത്തരമായി നേരത്തേ ജെയ്റ്റ്‌ലി പറഞ്ഞു. കോണ്‍ഗ്രസിന്റെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീരുമാനമായില്ലെങ്കില്‍ വോട്ടിങ്ങിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. തൃണമൂലും ഇടതും ജെഡിയുവും ബിഎസ്പിയും എല്ലാം ബില്ലിനെ പിന്തുണയ്‌ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ജിഎസ്ടിയെ പിന്തുണയ്‌ക്കുന്നുണ്ട്. എന്നാല്‍ വിഷയത്തിലുളള കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട് രാഷ്‌ട്രീയപരമാണെന്ന് ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
















