ടെഹ്‌റാന്‍: ഭാരതവുമായുള്ള ബന്ധം ദൃഢമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിലെത്തി. ആദ്യ സന്ദര്‍ശനത്തിനെത്തുന്ന മോദി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയും പ്രസിഡന്റ് ഹസന്‍ റൗഹാനിയുമായും കൂടിക്കാഴ്ചയും ചര്‍ച്ചകളും നടത്തും.
സൗഹൃദം ഉറപ്പിക്കുന്നതോടൊപ്പം വ്യാപാരം, നിക്ഷേപം, ഊര്‍ജ മേഖലയിലെ സഹകരണം, സാംസ്‌കാരിക സഹകരണം തുടങ്ങിയവയും സന്ദര്‍ശന ലക്ഷ്യമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. റൗഹാനിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം മുന്നോട്ടു കൊണ്ടുപോകേണ്ടതിനെക്കുറിച്ച് ചര്‍ച്ചയുണ്ടാകുമെന്നും മോദി പറഞ്ഞു.
ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമായ ഇറാനുമായുള്ള ബന്ധത്തിലൂടെ ഊര്‍ജ മേഖലയില്‍ കുതിച്ചുചാട്ടത്തിനാണ് ഭാരതം ലക്ഷ്യമിടുന്നത്.
ഇറാനില്‍നിന്നുള്ള എണ്ണ വരവ് വര്‍ധിപ്പിക്കാന്‍ ഭാരതം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇറാനിലൂടെ അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ഭാരതത്തിന് വഴിതുറക്കും. ഇറാനിലെ തുറമുഖ നഗരം ഛഹബഹറിനെ അഫ്ഗാനിസ്ഥാനിലെ സറന്‍ജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മോദിയും റൗഹാനിയും ധാരണയിലെത്തും. ഛബഹര്‍ തുറമുഖത്തിന്റെ വികസനത്തിന് സഹായം നല്‍കാന്‍ ഭാരതം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
ഇതിലൂടെ ഭാരതത്തിന് പുറത്ത് ഒരു തുറമുഖത്തില്‍ സാന്നിധ്യമാകുക ലക്ഷ്യം. ഒമാന്‍ കടലിടുക്കില്‍ ഭാരതത്തിന് സ്വാധീനമുറപ്പിക്കുകയുമാകാം. ഇറാനില്‍നിന്ന് എണ്ണ കൊണ്ടുവരുന്നതിനും തുറമുഖം ഉപയോഗിക്കാം.
അഫ്ഗാനിസ്ഥാനിലെ സറന്‍ജ് മുതല്‍ ഡെലറാം വരെയുള്ള റോഡ് 2009ല്‍ ഭാരതം നിര്‍മിച്ചു നല്‍കിയിരുന്നു. ഇത് ഛഹബഹറിലേക്ക് നീട്ടാനാണ് പദ്ധതി. സറന്‍ജ്-ഡെലറം പദ്ധതി പ്രാവര്‍ത്തികമായത് ഹെറാത്ത്, കാന്ധഹാര്‍, കാബൂള്‍, മസാരെ ഇ ഷെരീഫ് നഗരങ്ങളെ ബന്ധിപ്പിക്കാന്‍ സഹായകമായിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനെതിരെയുള്ള ഉപരോധം പിന്‍വലിച്ചത് പദ്ധതികള്‍ക്കെല്ലാം അനുകൂല ഘടകം.
നിക്ഷേപ രംഗത്തെ സഹകരണം വര്‍ധിപ്പിക്കാനും സന്ദര്‍ശനത്തിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ ഒരു ഗുരുദ്വാരയും മോദി സന്ദര്‍ശിക്കും. ഭാരത-ഇറാന്‍ സഹകരണത്തെക്കുറിച്ചുള്ള സെമിനാറിലും പ്രസംഗിക്കും.
















