കൊല്ലം: സിപിഎം ജില്ലാ നേതൃത്വം അടിയന്തിരമായി ഇടപെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെയുള്ള സിപിഎം പ്രാദേശികഘടകങ്ങളുടെ അക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിപിഎം ജില്ലാ നേതാക്കളുടെ അറിവോടെയാണ് ഇത്തരം അക്രമങ്ങളെന്ന് വിശ്വാസം വരാത്തതിനാലാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്.
അധികാരം ലഭിച്ച് രണ്ടുദിവസത്തിനുള്ളില്‍ തന്നെ ജില്ലയില്‍ വ്യാപകമായ ആക്രമണമാണ് അവര്‍ നടത്തിയത്. അക്രമപരമ്പരകള്‍ അവസാനിപ്പിക്കാതെ സമാധാനപരമായി ഭരിക്കാന്‍ സാധിക്കില്ലെന്നത് പ്രവര്‍ത്തകര്‍ വിസ്മരിച്ച മട്ടാണ്. രാഷ്‌ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണമാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് ആക്രമണങ്ങളുടെ സ്വഭാവം. നിരവധി വീടുകളാണ് ഇവര്‍ നശിപ്പിച്ചിരിക്കുന്നത്. കടവൂരില്‍ ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബിജെപി പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ പെട്രോളൊഴിച്ച് കത്തിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇരവിപുരത്ത് മാത്രം പത്തോളം അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. ആക്കോലില്‍ ക്ഷേത്രത്തിന് സമീപം ബിജെപിയുടെ ബൂത്ത് കമ്മിറ്റി ഓഫീസ് തെരഞ്ഞെടുപ്പ് ദിവസം കത്തിച്ചു. അയത്തില്‍ കാഞ്ഞിരംമൂട് ക്ഷേത്രത്തിന്റെ മുമ്പിലെ ബൂത്തും കത്തിച്ചു.
19ന് സ്ഥാനാര്‍ത്ഥി ആക്കാവിള സതീക്കിന്റെ വീടിന് നേരെയായിരുന്നു ആക്രമണം. സംഘപരിവാര്‍സംഘടനകളുടെ കൊടിമരങ്ങള്‍ ഒരെണ്ണം പോലും അവശേഷിപ്പിക്കാതെ നശിപ്പിക്കപ്പെടുകയായിരുന്നു. ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ അക്രമപ്രവര്‍ത്തനമാണ് പ്രാദേശികഘടകങ്ങള്‍ ജില്ലയിലെമ്പാടും നടപ്പാക്കുന്നത്. ഇതിനെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാകണം. ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിക്കുന്നത് ബലഹീനതയായി കണ്ട് അക്രമങ്ങള്‍ തുടരാനാണ് ഭാവമെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ചാത്തന്നൂരിലെയും തഴുത്തലയിലെയും ആദിച്ചനല്ലൂരിലെയും ആക്രമണങ്ങളില്‍ പൊതുവെ സമാനസ്വഭാവമാണ്. ചടയമംഗലത്തും കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലും കുണ്ടറയിലും ബിജെപിയുടെ വളര്‍ച്ചയില്‍ വിറളി പൂണ്ട് അക്രമങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ് സിപിഎം. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച ചാത്തന്നൂരില്‍ ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് തുടരുകയാണ്. കുന്നത്തൂരില്‍ കുപ്രസിദ്ധ ക്രിമിനലും ഡിവൈഎഫ്‌ഐ ഗുണ്ടയുമായ നൗഫല്‍, സ്ഥലം എഎസ്‌ഐ ഷൗക്കത്തിന്റെ പിന്തുണയോടെ ബിജെപി പ്രവര്‍ത്തകരുടെ വീടുകയറി അക്രമിക്കുകയാണ്. സ്ത്രീകളടക്കമുള്ളവരെ ഭീതിപ്പെടുത്തി പ്രവര്‍ത്തകരുടെ കഴുത്തില്‍ വടിവാള്‍ വച്ചാണ് കൊലവിളി നടത്തുന്നത്. ബിജെപിയുടെ പ്രവര്‍ത്തകരുടെ വാഹനങ്ങളും വീടുകളും തകര്‍ക്കുന്ന സിപിഎം സമീപനം ഗുണ്ടായിസമാണ്. ഭരണം കിട്ടിയതിന്റെ അഹങ്കാരത്തില്‍ രാഷ്‌ട്രീയപ്രതിയോഗികളെ ഇല്ലാതാക്കാനും സംഘടനാപ്രവര്‍ത്തനം അവസാനിപ്പിക്കാനുമാണ് ശ്രമിക്കുന്നതെങ്കില്‍ കനത്ത വില കൊടുക്കേണ്ടി വരും.
വിഎസിനെ ശരിയാക്കിയപോലെ മറ്റ് സംഘടനകളില്‍പെട്ടവരെയും ശരിയാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമാണ്. ജനങ്ങള്‍ക്ക് ശാപമായ യുഡിഎഫിനെ മാറ്റി അധികാരമേല്‍പ്പിച്ചത് പ്രതികാരരാഷ്‌ട്രീയത്തിനുള്ള ലൈസന്‍സായി സിപിഎം ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ.പി.അരുള്‍, വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍ എന്നിവരും സംബന്ധിച്ചു.
















