കല്‍പ്പറ്റ : യുഡിഎഫ് ശക്തികേന്ദ്രമായി അറിയപ്പെടുന്ന വയനാട് ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി യുഡിഎഫില്‍ കലാപത്തിന് തുടക്കമിടുന്നു. ലീഗിന് മേധാവിത്വമുള്ള കല്‍പ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിലെ പരാജയവും കോണ്‍ഗ്രസിന് ആധിപത്യമുള്ള ബത്തേരി മണ്ഡലത്തിലെ വിജയവുമാണ് യുഡിഎഫില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. മാതൃഭൂമിക്കെതിരെയുള്ള ലീഗിന്റെ പ്രതിഷേധമാണ് കല്‍പ്പറ്റയിലെ പരാജയത്തിന് കാരണമെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പ്പ്രചാരണത്തില് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ പിന്വലിഞ്ഞുനിന്നത് ആരെ സഹായിക്കാനായിരുന്നുവെന്നാണ് ജെഡിയു ചോദിക്കുന്നത്.
സി.കെ.ജാനുവിന്റെ വരവോടെ ബത്തേരി മണ്ഡലത്തില്‍ പരാജയമുറപ്പിച്ച എല്‍ഡിഎഫ് കല്പ്പറ്റയിലെങ്കിലും ജയിച്ചുകയറാമെന്ന വിചാരത്തില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് തയ്യാറായതായും ആരോപണമുണ്ട്. ഇതാണത്രെ കല്‍പ്പറ്റയില്‍ സി.കെ. ശശീന്ദ്രന് വന്‍ ഭൂരിപക്ഷം ലഭിക്കാനുണ്ടായ കാരണം.
ബത്തേരിയില്‍ ക്രോസ്സ് വോട്ടിംഗ് നടന്നതായി ചില സിപിഎം നേതാക്കള്‍തന്നെ സമ്മതിക്കുന്നുണ്ട്. വോട്ടിംഗ് നിലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പരമ്പരാഗത എല്‍ഡിഎഫ് കോട്ടകളിലും മുന്‍പന്തിയിലായിരുന്നു.
കല്‍പ്പറ്റ മണ്ഡലത്തില്‍ പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മേപ്പാടി, മുട്ടില്‍, മൂപ്പൈനാട്, മാനന്തവാടി മണ്ഡലത്തിലെ തൊണ്ടര്‍നാട്, പനമരം, വെള്ളമുണ്ട തുടങ്ങിയ പഞ്ചായത്തുകളില്‍ ലീഗ് കാലുവാരല്‍ നടത്തിയിട്ടുള്ളതായി വോട്ടിംഗ് നിലയില്‍ മനസിലാക്കാമെന്നും മുന്നണിക്കുള്ളിലെ പാര്‍ട്ടികളായ കോണ്‍ഗ്രസ് -ലീഗ് ഒത്തുകളി മാപ്പര്‍ഹിക്കാത്തതാണെന്നും കേരളാ കോണ്‍ഗ്രസ് (എം) ജില്ലാനേതാക്കള്‍ പത്രപ്രസ്താവനയില്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.ജെ.ദേവസ്യ അദ്ധ്യക്ഷത വഹിച്ചു.
എന്തായാലും മാനന്തവാടിയിലെ സേവ് കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രവര്‍ത്തനം ഇതോടെ ശക്തിയാര്‍ജ്ജിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റ് കെ.എല്‍.പൗലോസ് രാജിവെക്കണമെന്നും സേവ് കോണ്‍ഗ്രസ്സിനു നേതൃത്വം നല്കുന്ന എ.എം.നിഷാന്തും സംഘവും മാനന്തവാടിയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കെ.എല്‍.പൗലോസ് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം സമ്പൂര്‍ണ്ണ പരാജയമാണ്. ഭൂരിപക്ഷം പഞ്ചായത്തുകളിലും യുഡിഎഫ് ഭരണമായിരുന്നു എന്നാല്‍ പൗലോസ് അധികാരമേറ്റെടുത്തപ്പോള്‍ മൂന്നിലേക്ക് അത് ഒതുക്കി. വൈരാഗ്യം തീര്‍ക്കാന്‍ പുറത്താക്കല്‍ നടപടി ശീലമാക്കി. ജനാധിപത്യ മര്യാദപോലും പാലിക്കാതെയാണ് പാര്‍ട്ടിക്ക്വേണ്ടി പണിയെടുത്തവരെ ഡിസിസി പ്രസിഡന്റ് പുറത്താക്കിയത്. മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയാകട്ടെ ഉപജാപക സംഘത്തിന്റെ പിടിയിലാണ്. ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് വ്യക്തികളില്‍ ഒതുങ്ങിയാണ് ജയലക്ഷ്മി പ്രവര്‍ത്തിച്ചത്. ജനാംഗീകാരമില്ലാത്ത ഇത്തരം വ്യക്തികളുടെയും ജയലക്ഷ്മിയുടെയും പ്രവര്‍ത്തനമാണ് പരാജയകാരണമായതെന്നും ഇവര്‍ വ്യക്തമാക്കി.
പത്രസമ്മേളനത്തില്‍ എ. എം.നിഷാന്ത്,മുസ്തഫ എറമ്പയില്‍, അന്‍സാര്‍ മുതിര, സി.എച്ച്. ശിഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: