വേദനകള്‍ രണ്ടുതരമുണ്ട്. ശരീരവേദനയും മനസ്സിന്റെ വേദനയും. ശരീരം മുറിഞ്ഞാലോ വലിയ ഓപ്പറേഷന്‍ ചെയ്താല്‍പ്പോലുമോ അതിന്റെ വേദന നാലു ദിവസം കഴിയുമ്പോള്‍ കുറയാന്‍ തുടങ്ങും. മൂന്നു ദിവസം കഴിയുമ്പോഴേക്കും മുറിവിന്റെ വിങ്ങല്‍ മാറാറാണ് പതിവ്. മുറിവിന്റെ രീതി അനുസരിച്ച് നാം കുറച്ചു ദിവസം കൂടി ശ്രദ്ധിക്കണം. അലക്ഷ്യമായി വല്ലിടത്തും തട്ടുകയോ മുട്ടുകയോ ചെയ്ത് വീണ്ടും മുറിയാനും അണുബാധയുണ്ടാകാനും ഇടയാകരുത്. വൃത്തിയുള്ള പഞ്ഞിയും തുണിയും ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിക്കണം.
ആധുനിക ലോകത്തില്‍ കൂടുതലായി കണ്ടുവരുന്നതാണ് മനസ്സിന്റെ വേദന. ചെറിയൊരു വാക്കോ നോക്കോ മതി നമുക്ക് വിഷമമുണ്ടാവാന്‍. അത് നമ്മെ തളര്‍ത്തിക്കളയും. മുന്നോട്ടു ചിന്തിക്കാനും സന്തോഷമായി എന്തെങ്കിലും ചെയ്യാനും നമുക്ക് കഴിയാതെ വരും. പലപ്പോഴും ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിക്കാന്‍ ചിലരുടെ അവഹേളനം നിറഞ്ഞ വാക്കുകള്‍ക്ക് ആകും. മറ്റൊരാളിന്റെ വേദന ആരും മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല.
‘ആരെയും ഉയരാന്‍ ഞാന്‍ അനുവദിക്കില്ല’ എന്നതാണ് ചിലരുടെ നയം. അത് സ്വന്തം കഴിവില്ലായ്‌മയില്‍നിന്നും ഉടലെടുക്കുന്ന വികാരമാണെന്ന് അവര്‍ അറിയുന്നേയില്ല. എല്ലാവരും വളരാനും ഉയരാനും ആഗ്രഹിക്കുന്നവരാണ്. നിങ്ങളാല്‍ കഴിയുന്ന ഒരു ചെറിയ തള്ളെങ്കിലും വച്ചുകൊടുക്കുക എന്നാണ് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞിരിക്കുന്നത്.
ഒരു പുഞ്ചിരിക്കും ഒരു നല്ല വാക്കിനും ഒരു തലോടലിനും പകരം വയ്‌ക്കാന്‍ മറ്റൊന്നുമില്ല. തളര്‍ന്നു കിടക്കുന്ന ഒരുവനെ ഉണര്‍ത്തി പ്രവര്‍ത്തനോന്മുഖനാക്കാന്‍ അതിന് കഴിയും. നാം ചെയ്യുന്ന ഓരോ സല്‍പ്രവൃത്തിക്കും ഈശ്വരന്‍ പ്രതിഫലം വച്ചിട്ടുണ്ട്. നമുക്ക് ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അവ നമ്മിലേക്ക് ഒഴുകിയെത്തും. ഈ ലോകം നാഥനില്ലാക്കളരിയാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് വിഡ്ഢിത്തം മാത്രമാണ്.
ഒളിക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങളെപ്പോലെ നമ്മുടെ ഓരോ പ്രവൃത്തിയും പ്രകൃതിയില്‍ സ്പന്ദനം ഉണ്ടാക്കുന്നുണ്ട്. ഇത് ധര്‍മക്ഷേത്രം. ഇവിടെ അധര്‍മം കൊടികുത്തിവാഴാന്‍ അധികകാലം പ്രകൃതി അനുവദിക്കില്ല. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍. അതിന്റെ പ്രതിപ്രവര്‍ത്തനങ്ങളെ നമുക്ക് കാണാന്‍ കഴിയും.
ആരെയും ഒന്നിനെയും ഉപദ്രവിക്കരുത്. എല്ലാപേര്‍ക്കും സന്തോഷമായി വാഴാനുള്ള സ്ഥലമാണിത്. തോന്നിവാസങ്ങള്‍ നടത്താനുള്ളിടമല്ല. ഈശ്വരഭയത്തോടെ വേണം നാം ജീവിക്കുവാന്‍.
ഏറെക്കാലം നമുക്കിവിടെ വാഴാനാവില്ല. ഏറിയാല്‍ ഒരു എണ്‍പതോ നൂറോ വര്‍ഷം. ഇവിടെ സ്ഥിരമായി ആരും വസിക്കുന്നില്ല. ഒന്നും വാരിക്കൂട്ടി വയ്‌ക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല എന്നല്ല, ഒരര്‍ത്ഥവുമില്ല എന്ന് അറിയുന്നവനാണ് ബുദ്ധിമാന്‍.
പണം സമാധാനം നേടിത്തരില്ല. അധികാരം സ്വസ്ഥത നേടിത്തരില്ല. പണവും അധികാരവും ആഗ്രഹിക്കാതെ ഇരിക്കുന്നവനേ സ്വസ്ഥമായി ജീവിക്കാനാവൂ. പണവും അധികാരവും കിട്ടിയാല്‍ അത് മറ്റുള്ളവരുടെ കൂടി നന്മയ്‌ക്കായി ഉപയോഗിക്കണം. മറ്റുള്ളവര്‍ക്ക് കൂടി കൊടുത്തേ എന്തുസാധനവും നാം ഉപയോഗിക്കാവൂ. അതാണ് മനുഷ്യന് വേണ്ട പ്രധാനമായ ഗുണം.
ലളിത
















