കൊല്ലം: ഇടതുതരംഗത്തില്‍ 2011ല്‍ പോലും രണ്ട് സീറ്റ് യുഡിഎഫ് അക്കൗണ്ടില്‍ ഉണ്ടായിരുന്നതും ഇത്തവണ നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ച കൊടിക്കുന്നില്‍ സുരേഷിനും കൊല്ലത്തെ യുഡിഎഫിനെ രക്ഷിക്കാനായില്ല. പറഞ്ഞുവന്നാല്‍ ഉള്ളതുകൂടി പോയികിട്ടിയെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ സങ്കടം. ചിലരാകട്ടെ കൊടിക്കുന്നില്‍ സുരേഷിന്റെ സ്വഭാവത്തെ വിമര്‍ശിച്ചുകൊണ്ട് യുഡിഎഫ് വിമുക്തജില്ലയാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷം സമഗ്രാധിപത്യം സ്ഥാപിച്ച രണ്ട് ജില്ലകളില്‍ ഒന്നായി കൊല്ലം മാറിയതില്‍ അങ്ങേയറ്റത്തെ നിരാശയും വേദനയുമാണ് കോണ്‍ഗ്രസ് അണികള്‍ക്കുള്ളത്. പ്രബലരായ സ്ഥാനാര്‍ത്ഥികളാണ് കടപുഴകി വീണത്. ചടയമംഗലത്ത് എം.എം.ഹസന്‍, ചാത്തന്നൂരില്‍ ശൂരനാട് രാജശേഖരന്‍, കൊല്ലത്ത് തോപ്പില്‍ രവിയുടെ മകന്‍ സൂരജ് രവി, കുണ്ടയിലാകട്ടെ കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സിനിമാതാരം ജഗദീഷ് എന്നിങ്ങനെപോകുന്നു നിര. മന്ത്രി കൂടിയായ ഷിബുവാണ് ജില്ലയില്‍ തോറ്റുതൊപ്പിയിട്ട പ്രമുഖരില്‍ മുന്നില്‍. തുടക്കക്കാരനും പഴയ ഐഎന്‍ടിയുസി നേതാവുമായ വിജയന്‍പിള്ളയോടാണ് മന്ത്രി പരാജയപ്പെട്ടത്. ആര്‍എസ്പിയുടെ മുന്നണിമാറ്റത്തിന് ചുക്കാന്‍ പിടിച്ച സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഇരവിപുരത്ത് സിപിഎമ്മിനോട് അടിയറവ് പറഞ്ഞു. ഇനി ആ പാര്‍ട്ടിയുടെ തന്നെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് യുഡിഎഫ് ക്യാമ്പ്. തദ്ദേശതെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് വൈരത്തിന്റെയും സീറ്റ് നിഷേധിക്കലിന്റെയും ഫലമായി സംഭവിച്ച വന്‍പരാജയത്തെ തുടര്‍ന്നാണ് വി.സത്യശീലനെ മാറ്റി പകരം എംപി കൂടിയായ കൊടിക്കുന്നില്‍ സുരേഷിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കിയത്. ഇതും ഫലത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഗുണം ചെയ്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
















