കൊല്ലം: താമര വിരിയുന്നത് തടയാന്‍ കേരളമെമ്പാടും കാവലിരുന്ന ഇടതു വലതു കങ്കാണികള്‍ക്ക് ഞെട്ടലാവുകയാണ് ചാത്തന്നൂര്‍ മണ്ഡലത്തിലെ ബിജെപി മുന്നേറ്റം. ജില്ലയാകെ തൂത്തുവാരിച്ചുവപ്പിച്ച എല്‍ഡിഎഫിനും അങ്കലാപ്പ് സൃഷ്ടിക്കുന്നതാണ് ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി. ഗോപകുമാര്‍ നേടിയ വോട്ട് വര്‍ധന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരനെ മൂന്നാം സ്ഥാനാത്തേക്ക് പിന്തള്ളിയാണ് ഗോപകുമാര്‍ രണ്ടാമതെത്തിയത്.
കഴിഞ്ഞ തവണ 3839 വോട്ട് എന്ന പരിതാപകരമായ നിലയില്‍നിന്നാണ് ബി.ബി. ഗോപകുമാറിലൂടെ 33199 എന്ന കുതിച്ചുചാട്ടം ബിജെപി നടത്തിയത്. ബിജെപി പൊതുവേ ശക്തി പ്രകടിപ്പിക്കുന്ന തിരുവനന്തപുരം, കാസര്‍കോഡ്, പാലക്കാട് ജില്ലകള്‍ കഴിഞ്ഞാല്‍ രണ്ടാമതെത്തി കരുത്ത് കാട്ടിയ മണ്ഡലമെന്ന ഖ്യാതിയും ഇനി ചാത്തന്നൂരിന് സ്വന്തം.
തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും മുന്നില്‍ നിന്ന ഗോപകുമാറിനെ തോല്‍പിക്കാന്‍ മണ്ഡലത്തില്‍ യുഡിഎഫ് ആസൂത്രിതമായി വോട്ട് എല്‍ഡിഎഫിന് മറിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ അഡ്വ. ബിന്ദുകൃഷ്ണ 47598 വോട്ട് നേടി രണ്ടാമത് വന്ന സ്ഥാനത്താണ് മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായി ശൂരനാട് രാജശേഖരന് വെറും 30139 വോട്ടുമായി മൂന്നാംസ്ഥാനത്തേക്ക് ഒതുങ്ങേണ്ടിവന്നത്. പതിനേഴായിരത്തിലധികം വോട്ടിന്റെ കുറവാണ് കോണ്‍ഗ്രസിന് ഇവിടെ. പുതിയ വോട്ടര്‍മാരുടെ കൂടി കണക്കെടുത്താല്‍ ഇരുപത്തയ്യായിരത്തോളം വോട്ടെങ്കിലും കോണ്‍ഗ്രസ് പാളയത്തില്‍നിന്ന് എല്‍ഡിഎഫിന് ലഭിച്ചതായാണ് വിലയിരുത്തല്‍.
ഇഷ്ടികക്കളങ്ങളുടെ നാടായ മീനാട്ടുനിന്നാണ് ബി.ബി. ഗോപകുമാര്‍ ജനനായകനായി ജീവിതം തുടങ്ങുന്നത്. പൊരിവെയിലില്‍ ചെളിവെട്ടി ചൂളയില്‍ പാകപ്പെടുത്തുന്ന തൊഴിലാളിയുടെ ഹൃദയനൊമ്പരങ്ങളേറ്റുവാങ്ങിയായിരുന്നു അത്. 1993ല്‍ ഇഷ്ടികത്തൊഴിലാളികളുടെ കൂലി കൂട്ടുന്നതിന് ഗോപകുമാറിന്റെ നേതൃത്വത്തില്‍ മുപ്പത് ദിവസം നീണ്ട സമരം വിജയം കണ്ടതോടെ ചാത്തന്നൂരുകാര്‍ക്ക് വിശ്വസിക്കാവുന്ന ഒരു സമരനായകനെ ലഭിക്കുകയായിരുന്നു. പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗോപകുമാര്‍ വിജയിച്ചു. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രതിപക്ഷ നേതാവ് ആയിട്ടായിരുന്നു ആ വേഷത്തിലെ അരങ്ങേറ്റം.
തൊഴിലാളികളുടെ രാഷ്‌ട്രീയം പറയുകയും തൊഴിലാളികളെ കബളിപ്പിക്കുകയും ചെയ്യുന്ന ഇടത് രാഷ്‌ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാവുകയാണ് ചാത്തന്നൂരിലെ ഈ കുതിച്ചുചാട്ടം. മീനാട്ടെ ഇഷ്ടികക്കളത്തില്‍ നിന്നാരംഭിച്ച സമരവീര്യമാണ് ഗോപകുമാറിനെ ജനനായകനാക്കുന്നത്. 1996മുതല്‍ 1999വരെ ചാത്തന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായും 2000 മുതല്‍ നീണ്ട 19 വര്‍ഷമായി യൂണിയന്‍ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്ന ഗോപകുമാറിന് മണ്ഡലത്തില്‍ പരിചയത്തിന് പുത്തന്‍ ചമയങ്ങള്‍ ആവശ്യമുണ്ടായിരുന്നില്ല. ശ്രീനാരായണപ്രസ്ഥാനങ്ങളുടെ പകരക്കാരനില്ലാത്ത അമരക്കാരനും ചാത്തന്നൂരിലെ അവഗണിതസമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിയ പോരാളിയുമായ ഗോപകുമാറിലൂടെ കൊല്ലത്ത് തുറക്കുന്നത് വരാന്‍പോകുന്ന താമരക്കാലത്തിന്റെ കേളികൊട്ടാണ്.
















