പൊന്‍കുന്നം: പച്ചക്കറിയ്‌ക്ക് തീപിടിച്ച വില. തെരഞ്ഞെടുപ്പ് ചൂടില്‍ വില നിയന്ത്രിക്കാന്‍ ആരുമില്ലാതായതോടെ റെക്കോര്‍ഡ് വിലക്കയറ്റമാണ് പച്ചക്കറി വിപണിയില്‍.
നാട് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ പച്ചക്കറി വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മലയോര മേഖലയിലെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ജീവിതചെലവ് താങ്ങാവുന്നതിലുമപ്പുറമാണ്. അതിനു പിന്നാലെയാണ് യാതൊരു നിയന്ത്രണവുമില്ലാതെ പച്ചക്കറികള്‍ക്ക് വില ക്രമാതീതമായി വര്‍ധിച്ചത്. തെരഞ്ഞെടുപ്പിന്റെ മറവില്‍ പച്ചക്കറികള്‍ക്ക് അമിത വില ഈടാക്കുന്നത് ബന്ധപ്പെട്ട അധികാരികളും ശ്രദ്ധിക്കുന്നില്ല. ഇതു മുതലാക്കി പല സ്ഥലങ്ങളിലും പല വിലയാണ് വാങ്ങുന്നത്. വിപണിയില്‍ പച്ചമുളകിന് വില നൂറിനു മുകളിലായിട്ടുണ്ട്. സാധാരണ മാര്‍ക്കറ്റില്‍ 60 രൂപയ്‌ക്ക് ലഭിച്ചിരുന്ന പച്ചമുളകിനാണ് ഇപ്പോള്‍ എരിയുന്ന വില. നൂറു മുതല്‍ 120 രൂപ വരെ പച്ചമുളകിന് വാങ്ങുമ്പോള്‍ ബീന്‍സിന് വില 150 നു മുകളിലെത്തി. പടവലം -40, ക്യാരറ്റ് -56, പയര്‍-40 രൂപയുമാണ് വിപണിയില്‍. മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ പച്ചക്കറികള്‍ക്ക് പലവില ഈടാക്കുന്നത് ആശങ്കയുണ്ടാക്കുന്നു. തമിഴ്‌നാട്ടിലെ പച്ചക്കറി മൊത്തവ്യാപാരികള്‍ വില കുത്തനെ ഉയര്‍ത്തിയതാണ് മേഖലയില്‍ വിലവര്‍ധിക്കാനുള്ള കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറികള്‍ക്ക് പരിശോധന നിര്‍ബന്ധമാക്കുമെന്ന പ്രഖ്യാപനവും അട്ടിമറിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധപതിപ്പിച്ച തക്കം നോക്കി പച്ചക്കറി വിപണിയില്‍ വന്‍ ലാഭം കൊയ്യുകയാണെന്ന് ആക്ഷേപമുയരുന്നു. സംസ്ഥാനത്ത് ജൈവകൃഷിയുടെ ഉല്‍പാദനം വര്‍ധിച്ച സാഹചര്യത്തില്‍ അന്യസംസ്ഥാനത്തു നിന്നുമെത്തുന്ന പച്ചക്കറികളുടെ വിലകയറ്റം തടയാന്‍ ഒരു പരിധിവരെ കഴിഞ്ഞിരുന്നു. എന്നാല്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് പച്ചക്കറിയുടെ വില ഉയര്‍ന്നിരക്കുകയാണ്.
















