പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എ അറ്റാണ്‍സിയോ മോണ്‍സെരറ്റെയ്‌ക്ക് ജാമ്യം ലഭിച്ചു. ജില്ലാ സെഷന്‍ ജഡ്ജി പ്രമോദ് കാമത്താണ് എംഎല്‍എ മോണ്‍സെരറ്റെയ്‌ക്കും പെണ്‍കുട്ടിയുടെ അമ്മക്കും മറ്റൊരു സ്ത്രീയ്‌ക്കും ജാമ്യം നല്‍കിയത്. 50 ലക്ഷം രൂപക്ക് പെണ്‍കുട്ടിയെ എംഎല്‍എയ്‌ക്ക് വിറ്റതിനാണ് റോസി ഫെറോസിനെ അറസ്റ്റ് ചെയ്തത്. എംഎല്‍എ ജാമ്യതുകയായി ഒരു ലക്ഷം രൂപ കെട്ടിവെയ്‌ക്കണം.
അതുപോലെ ഏഴ് ദിവസത്തിനുള്ളില്‍ ക്രൈബ്രാഞ്ചിന് മുമ്പില്‍ ഹാജരാവുകയും വേണം. മറ്റ് രണ്ട് സ്ത്രീകള്‍ 25000 രൂപ വീതം ജാമ്യ തുകയായി നല്‍കണം. ഏഴ് ദിവസത്തിനുള്ളില്‍ ക്രൈംബ്രാഞ്ചിന് മുമ്പില്‍ ഹാജരാവണം.
അറ്റാണ്‍സിയോയുടെ ഹാള്‍മാര്‍ക്ക് കടയില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ മാര്‍ച്ചില്‍ കാണാതാവുകയായിരുന്നു. കാണാതായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് പോലീസ് കണ്ടെത്തിയത്. പിന്നീടാണ് പീഡന വിവരം പുറത്ത് വന്നത്.
പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. വളര്‍ത്തമ്മ തന്നെ എംഎല്‍എക്ക് 50 ലക്ഷം രൂപയ്‌ക്ക് വില്‍ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. തന്നെ എംഎല്‍എ പലതവണ മാനഭംഗപ്പെടുത്തിയതായി 16കാരി മൊഴി നല്‍കി. വൈദ്യപരിശോധനയിലും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതായി തെളിഞ്ഞിരുന്നു.
















