ജടിലോ മുണ്ഡീ ലുഞ്ഛിതകേശഃ
കാഷായാംബര ബഹുകൃതവേഷഃ
പശ്യന്നപി ച ന പശ്യതി മൂഢോ-
ഹ്യുദരനിമിത്തം ബഹുകൃത വേഷഃ 14
ജടാധാരി, തല മുണ്ഡനം ചെയ്തയാള്‍, തലയിലെ ഓരോ രോമങ്ങളും പിഴുതെടുത്തയാള്‍, ഇങ്ങനെ കാഷായവേഷം ധരിച്ച പലവിധ വേഷങ്ങള്‍. (സത്യമെന്തെന്ന്) കാണുന്നുണ്ടെങ്കിലും അതിനെ അറിയാന്‍ കഴിയാത്ത മൂഢന്മാര്‍ വയറ്റുപ്പിഴപ്പിനായി മാത്രം വിവിധ വേഷം ധരിച്ചവരാണ്. (ശ്ലോക രചന: പത്മപാദര്‍)
ബാഹ്യമായ പ്രകടനങ്ങള്‍ കൊണ്ട്, വേഷഭൂഷാദികള്‍ കൊണ്ട് ഒരാള്‍ക്ക് സംന്യാസിയാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാവും. വിഷമം കൂടാതെ ജനങ്ങളെ കബളിപ്പിച്ച് ഇവരില്‍ ചിലര്‍ക്കൊക്കെ ജീവിക്കാനും സാധിക്കും.
സന്യാസമെന്ന പദത്തിന് എല്ലാം ഉപേക്ഷിച്ചവന്‍, ദേഹത്തില്‍പോലും ശ്രദ്ധ ചെലുത്താത്തവന്‍, താന്‍ ബ്രഹ്മത്തിന്റെ ഭാഗം തന്നെയെന്ന് തിരിച്ചറിവിലെത്തിയവന്‍ എന്നൊക്കെ അര്‍ത്ഥം കല്പിക്കാം. ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള ശ്രമമില്ലാത്ത സംന്യാസം കാപട്യമാണ്. അത് വേഷഭൂഷാദികളില്‍ ഒതുങ്ങുന്നു. ഇവിടെ കള്ള നാണയങ്ങളെ തിരിച്ചറിയാനും കരുതിയിരിക്കാനും പന്മപാദര്‍ നമ്മെ ഉപദേശിക്കുന്നു – ഭജഗോവിന്ദം.
അംഗം ഗളിതം പലിതം മുണ്ഡം
ദശനവിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാപിണ്ഡം 15
ശരീരമെല്ലാം തളര്‍ന്നു, തലയും നരച്ചു, വായ് പല്ലില്ലാത്തതായിക്കഴിഞ്ഞു. വടി കുത്തിപ്പിടിച്ച് വൃദ്ധന്‍ നടന്നു നീങ്ങുന്നു, അപ്പോള്‍ പോലും അയാള്‍ ആഗ്രഹങ്ങളുടെ ഭാണ്ഡത്തെ കൈവിടുന്നില്ല:ശ്ലോകരചന. (തോടകാചാര്യന്‍)
ജരാനരകള്‍ക്കു വിധേയനായി അവശനായിരിക്കുമ്പോഴും താന്‍ യുവാവായിരിക്കുമ്പോള്‍ വച്ച് പുലര്‍ത്തിയ ആഗ്രഹങ്ങളുടെ ബന്ധനത്തില്‍ നിന്ന് മോചനം നേടാനാകാത്ത ഒരു വൃദ്ധന്റെ സഹതാപാര്‍ഹമായ ചിത്രമാണ് തോടകാചാര്യന്‍ ഇവിടെ വരച്ചിടുന്നത്.
ചതുരാശ്രമങ്ങളില്‍ മനുഷ്യന്‍ അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങളോടൊപ്പം ഓരോ കാലത്തും വച്ചുപുലര്‍ത്തുന്നതും അതു പോലെ ഉപേക്ഷിക്കേണ്ടതുമായ ആഗ്രഹങ്ങളുണ്ട്. ഭഗവാനെ ഭജിച്ച് അദ്ദേഹത്തില്‍ വിലയം പ്രാപിച്ച് പുനര്‍ജന്മം ഒഴിവാക്കാനാണ് ഈ വൃദ്ധന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ശ്രമിക്കേണ്ടിയിരുന്നത്. അതിനുള്ള പരിശ്രമം ശരീരശക്തി ഉള്ളപ്പോള്‍ തന്നെ ആരംഭിക്കേണ്ടതുമായിരുന്നു – ഭജഗോവിന്ദം.
(തുടരും)
















