ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെ വിശ്വാസ്യതാ സൂചിക തയ്യാറാക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) തീരുമാനിച്ചു. വകുപ്പുകള്‍ക്ക് അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തില്‍ അവര്‍ എവിടെ നില്‍ക്കുന്നുവെന്ന് സ്വയം വിലയിരുത്താന്‍ ഈ സംവിധാനം സഹായകമാകുമെന്നാണ് വിലയിരുത്തല്‍. പൊതു മേഖലാസ്ഥാപനങ്ങളുടെ കാര്യത്തില്‍ ഈ വിശ്വാസ്യതാ സൂചിക തയ്യാറാക്കുന്നത് സ്ഥാപനങ്ങളുടെ ആന്തരികവും ബാഹ്യവുമായ ഭരണ സംവിധാനം മാനദണ്ഡമാക്കിയായിരിക്കും.
വിശ്വാസ്യത, ദീര്‍ഘകാല പ്രവര്‍ത്തന സ്ഥിരത, ലാഭം എന്നിവയാണ് ഒരു സംവിധാനത്തിന്റെ യശസ്സിന് അടിസ്ഥാനമെന്ന് സിവിസി ചൂണ്ടിക്കാട്ടുന്നു. ഇത് വിലയിരുത്താന്‍ ഗവേഷണ സ്വഭാവത്തിലുള്ള നിരീക്ഷണം വേണം. ഇതു സംബന്ധിച്ച മാനദണ്ഡവും മാപനവും സംബന്ധിച്ച് ആധികാരികതയുള്ള സ്ഥാപനങ്ങളില്‍നിന്നും പത്തുവര്‍ഷത്തോളമായി പൊതു നയ രൂപീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നുന്നുവെന്ന് കമ്മീഷന്‍ പറഞ്ഞു.
ഇതിന് തിരഞ്ഞെടുക്കുന്ന ഏജന്‍സി സൂചികയുടെ അഞ്ചുവര്‍ഷത്തേക്കുള്ള കരട് മാര്‍ഗ്ഗദര്‍ശനം തയ്യാറാക്കാന്‍ നിയോഗിക്കപ്പെടും. ഒരു വര്‍ഷത്തേക്കായിരിക്കും ഓരോ ഏജന്‍സിയുമായി കരാര്‍ ഉണ്ടാക്കുക.ഇതാദ്യമായാണ് കമ്മീഷന്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ഇത് വിജയകരമായാല്‍ അഴിമതി ഇല്ലാതാക്കുന്നതില്‍ വലിയ ചുവടുവെപ്പാകും, വിജിലന്‍സ് കമ്മീഷനിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
















