ന്യൂദല്‍ഹി: കഴിഞ്ഞവര്‍ഷം ഐക്യരാഷ്‌ട്രസഭയുടെ സമാധാന ദൗത്യങ്ങളില്‍ പങ്കെടുത്ത് വീരമൃത്യുവരിച്ചവര്‍ക്കുള്ള മരണാനന്തര ബഹുമതി പട്ടികയില്‍ അഞ്ച് ഭാരതീയര്‍. നാലു ഭാരതീയ ദൗത്യസേനാംഗങ്ങളും ഒരു സന്നദ്ധപ്രവര്‍ത്തകനും ഉള്‍പ്പടെ 124 പേര്‍ക്കാണ് ബഹുമതി. ഇവരുടെ ധൈര്യത്തെയും ബലിദാനത്തെയും ആദരിച്ചുകൊണ്ടാണ് ഐക്യരാഷ്‌ട്രസഭ മരണാനന്തര ബഹുമതി നല്‍കുന്നത്.
ഹെഡ് കോണ്‍സ്റ്റബിള്‍ ഷുബ്കരന്‍ യാദവ്, റൈഫിള്‍മാന്‍ മനീഷ് മാലിക്, ഹവീല്‍ദാര്‍ അമല്‍ ദേകാ, നായിക് രാകേഷ് കുമാര്‍, ഗംഗന്‍ പഞ്ചാബി എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് മുന്‍ യുഎസ് സെക്രട്ടറി ജനറല്‍ ഡാഗ് ഹാമര്‍ഷോള്‍ഡിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ബഹുമതി ലഭിക്കുക. കോംഗോയില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് കഴിഞ്ഞ ഏപ്രിലില്‍ യാദവും ആഗസ്റ്റില്‍ മാലിക്കും മരിക്കുന്നത്. സുഡാനിലെ സമാധാനസേനാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ദേകായും കുമാറും മരിക്കുന്നത്. കോംഗോയില്‍ സന്നദ്ധസേവനങ്ങള്‍ക്കിടയിലാണ് പഞ്ചാബി മരിക്കുന്നത്.
യുഎന്‍ സമാധാന ദൗത്യത്തിന്റെ അന്താരാഷ്‌ട്രദിനമായ മെയ് ഒന്‍പതിന് സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ ബഹുമതികള്‍ വിതരണം ചെയ്യും. 69 സമാധാനദൗത്യങ്ങളിലായി 1,80,000 ട്രൂപ്പുകള്‍ ഭാരതത്തില്‍ നിന്നും സേവനമനുഷ്ടിച്ചിട്ടുണ്ട്.
















