ബെംഗളൂരു: കര്‍ണ്ണാടക കോണ്‍ഗ്രസില്‍ കുഴപ്പങ്ങള്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രശ്‌നപരിഹാരത്തിന് ദല്‍ഹിയില്‍ സോണിയയെ കാണാന്‍ പോകുന്നു. മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നകാര്യം ആലോചിക്കാനാണ് യാത്ര.
കഴിഞ്ഞ ഒക്‌ടോബറില്‍, എട്ടുമാസംമുമ്പ്, മൂന്നു മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചതിനു പിന്നാലെയാണിത്. മൂന്നുവര്‍ഷം പിന്നിട്ട സിദ്ധരാമയ്യ സര്‍ക്കാരിന്റെ പ്രകടനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങളുണ്ട്. മുമ്പ് ഈ എതിരഭിപ്രായം ഉണ്ടായപ്പോള്‍ ഒതുക്കാനാണ് കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജി. പരമേശ്വര ഉള്‍പ്പെടെയുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അതുകൊണ്ടുമാത്രം ആയില്ല എന്നതാണിപ്പോഴത്തെ വിഷയം.
യുവാക്കള്‍ക്ക് അവസരം നല്‍കിക്കൊണ്ട് കര്‍ണാടക മന്ത്രിസഭ പുനര്‍വിന്യസിക്കുന്നുവെന്നാണ് സിദ്ധരാമയ്യയുടെ ഇതു സംബന്ധിച്ച നിലപാട്. മന്ത്രിസഭയിലെ മികവുകാട്ടാത്തവരെ ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വാസ്തവത്തില്‍ പാര്‍ട്ടിയ്‌ക്കുള്ളില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിയ്‌ക്കെതിരേ പ്രത്യേകിച്ചുമുള്ള എതിര്‍പ്പുകളാണ് പശ്ചാത്തലം. മോശം പ്രകടനം നടത്തുന്ന മന്ത്രിമാരെ മാറ്റി പുതിയ മുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ഒരു കൂട്ടം എം എല്‍ എമാരുടെ ശക്തമായ ആവശ്യമുണ്ട്.
















