അരുവാക്കുറിച്ചി: തമിഴ്‌നാട്ടിലെ അരുവാക്കുറിച്ചിയില്‍ മത്സരരംഗത്തുളള പാര്‍ട്ടികള്‍ വ്യാപകമായി പണവും, മദ്യവും, സമ്മാനങ്ങളും വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ചു.
ഇവിടുത്തെ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും അഞ്ച് കോടി രൂപ പൊലീസ് കണ്ടെടുത്തു. ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും ഒരു കോടി രൂപയും അധികൃതര്‍ പിടി കൂടി.
ഇതു കൂടാതെ സമ്മതിദായകരെ സ്വാധീനിക്കുന്നതിനായി വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന സാരികള്‍, മുണ്ടുകള്‍ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കാന്‍ തീരുമാനമായത്.
വിഷയത്തില്‍ രണ്ടു പാര്‍ട്ടികളില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. നാളെ വൈകുന്നേരത്തിനുളളില്‍ വിശദീകരണം നല്‍കാത്ത പക്ഷം പാര്‍ട്ടികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.
ഇരുപത്തിമൂന്നാം തീയതി ഇവിടുത്തെ തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ 25 ന് നടത്തും.
















