ന്യൂദൽഹി: ലൈംഗിക വിവാദത്തിൽപ്പെട്ട മുൻ ടെറി മേധാവി ആർകെ പച്ചൗരിക്ക് ദൽഹി കോടതി സമൻസ് അയച്ചു. മുൻ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിനും അവരെ ഉപദ്രവിക്കാൻ ശ്രമിച്ചതിനുമാണ് പച്ചൗരിക്കെതിരെ സമൻസ് അയച്ചത്.
കുറ്റപത്രം വിശദമായി പരിശോധിച്ചതിനു ശേഷമാണ് പച്ചൗരിക്ക് കോടതി സമൻസ് അയച്ചത്. ഐപിസി സെക്ഷൻ 354എ, 354ബി, 354ഡി, 509, 341 എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ വിചാരണയുമായി മുന്നോട്ടുപോകാൻ മതിയായ തെളിവുകൾ കുറ്റപത്രത്തിലുണ്ടെന്ന് മജിസ്ട്രേറ്റ് പറഞ്ഞു.
കൂടാതെ പരാതിക്കാരിയോട് നിരവധി തവണ ലൈംഗിക ചുവയുള്ള സംസാരം നടത്തുകയും. അവരുടെ സമ്മതമില്ലാതെ തെറ്റായ രീതിയിൽ സ്പർശിക്കുകയും ചെയ്തതായി പച്ചൗരിക്കെതിരെ ആരോപണമുണ്ട്.
പരാതിക്കാരിക്ക് അനാവശ്യമായി സന്ദേശങ്ങൾ പ്രതി വാട്സ്ആപ്പ് വഴിയും അയച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അടുത്ത ജൂലായ് 11ന് കോടതിയിൽ ഹാജരാകാനാണ് പച്ചൗരിയോട് മജിസ്ട്രേറ്റ് നിർദ്ദേശിച്ചിരിക്കുന്നത്.
















