കോയമ്പത്തൂർ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 570 കോടി രൂപ പിടിച്ചെടുത്തു. മൂന്ന് കണ്ടെയ്നർ ലോറികളിലായി കൊണ്ടുവന്നിരുന്ന പണമാണ് ഫ്ലൈയിംഗ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്.
പെരുമനല്ലൂർ-കുന്നത്തൂർ ബൈപാസിൽ മൂന്നു കാറുകളുടെ അകമ്പടിയോടെയാണ് ലോറികൾ വന്നിരുന്നത്. തുടർന്ന് ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും ലോറികൾ നിർത്താതെ പോയതോടെ പോലീസ് പിന്തുടർന്ന് ചെങ്ങപ്പള്ളിയിൽ വച്ച് പിടികൂടുകയായിരുന്നു. അതേസമയം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ കോയമ്പത്തൂർ മുതൽ വിശാഖപട്ടണം വരെയുള്ള ബ്രാഞ്ചുകളിലേക്ക് കൊണ്ടുപോയ പണമാണിതെന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞു.
എന്നാൽ ഇത് തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. കൂടാതെ ആന്ധ്ര പ്രദേശിലെ പോലീസുകാരാണ് തങ്ങളെന്നും ഇവർ അവകാശപ്പെട്ടെങ്കിലും യൂണിഫോ ധരിച്ചിരുന്നില്ല. ഇത് കൂടുതൽ സംശയത്തിന് ഇടയാക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് കളക്ടറിന് മുൻപാകെ ഹാജരാക്കുകയും ചെയ്തു
















