കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ 23 കമ്പനി കേന്ദ്ര സായുധസേനയെ വിന്യസിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. 615 ബൂത്തുകളില്‍ കേന്ദ്രസേനയുടെ സാന്നിധ്യമുണ്ടാവും. ബൂത്തിന് ചുറ്റും 200 മീറ്റര്‍ ചുറ്റളവില്‍ 144 പ്രകാരം നിരോധനാജ്ഞയുണ്ടാവും. കൂട്ടംകൂടല്‍, മുദ്രാവാക്യം വിളി, ആയുധങ്ങളുമായി നില്‍ക്കല്‍, പരസ്യ-രഹസ്യ പ്രചാരണങ്ങള്‍ ഈ പരിധിയില്‍ അനുവദിക്കില്ല. 200 മീറ്റര്‍ ചുറ്റളവില്‍ വരുന്ന വായനശാല, കടകള്‍, സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുറക്കുന്നുവെങ്കില്‍ ഇവിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സ്ഥാപന ഉടമക്ക് ഉത്തരവാദിത്തമുണ്ടാവും. ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്കും പോളിങ്ങ് ഏജന്റുമാര്‍ക്കും പൂര്‍ണ സംരക്ഷണം നല്‍കും. ബൂത്തുകള്‍ക്ക് വെളിയിലും കേന്ദ്രസേനയുടെ പട്രോളിങ്ങ് ഉണ്ടാകും. മാവോയിസ്റ്റ് ഭീഷണിയുളള ബൂത്തുകളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തും.
1054 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 15 മുതല്‍ പൊലീസ് സേന ബൂത്തുകളില്‍ ഉണ്ടാകുമെന്നതിനാല്‍ വെബ്കാസ്റ്റിങ്ങ് തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാനാകും. മികച്ച ശബ്ദ-ദൃശ്യ നിലവാരമുളള കാമറകളാണ്
വെബ്കാസ്റ്റിങ്ങിന് ഉപയോഗിക്കുക. ബൂത്തുകളില്‍ ബിഎല്‍ഒയുടെ സാന്നിധ്യത്തില്‍ കേന്ദ്രസേന വോട്ടര്‍മാരെ പരിശോധിക്കും. 280 സെന്‍സിറ്റീവ് ബൂത്തുകളില്‍ സംസ്ഥാന പൊലീസിന്റെ ശക്തമായ സാന്നിധ്യമുണ്ടാകുമെന്നും എസ്പി പറഞ്ഞു.
















