ആശയപ്രചാരണത്തിന്റെ രീതിയും മാധ്യമവും മറ്റും മാറിയെന്നതു വെറും വാദം മാത്രം; അതിന് കേരളത്തിലെ തെരുവുകള്‍ സാക്ഷി. തെരഞ്ഞെുപ്പു പ്രചാരണത്തിന് തെരുവുനാടകവുമായി ഊരുചുറ്റുന്ന ഈ സംഘത്തോടു ചോദിയ്ക്കൂ, അവര്‍ പറയും, നാടകം നമ്മുടെ നാടിന്റെ ഉള്ളകമാണ്. നാടകം നമ്മുടെ നാട്ടുകാരുടെ ഉള്ളിലുള്ളതാണ്. അതിനിപ്പോഴും നാട്ടുകാരെ സ്വാധീനിയ്ക്കാനുള്ള കഴിവ് അപാരമാണ്. മനസ്സുണര്ത്താനുള്ള ശേഷി വളരെ വലുതാണ്.
തെരഞ്ഞെടുപ്പു വേളയില്‍ ജനബോധവല്ക്കരണത്തിന് നമ്മുടെ നാടിന്റെ കലാരൂപത്തെ ആശ്രയിച്ച് തപസ്യ കലാ സാഹിത്യ വേദി ഒരുക്കിയ നാടകം കേരളക്കരയാകെ അവതരിപ്പിക്കപ്പെട്ടു. എന്നാല്‍, തൃപ്പൂണിത്തുറ മണ്ഡലത്തില്‍വെച്ചാണ് നാടകക്കൂട്ടത്തെ കണ്ടത്. അതിന് ഒരു കാരണംകൂടിയുണ്ട്:-രാഷ്ട്രീയംവേറേ, സംസ്കാരം വേറേ, സാഹിത്യം വേറേ, കല വേറേ, രാഷ്ട്രീയ നാടകം വേറേ എന്നൊക്കെ പറയുന്നകാലത്ത് കലയ്ക്കും സംസ്കാരത്തിനും ശുദ്ധരാഷ്ട്രീയം നല്കിയ ആദരമാണ് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വം.
പ്രൊഫ. തുറവൂര്‍ വിശ്വംഭരനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കുകവഴി ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി സാംസ്കാരികതയ്ക്ക് ആദരവര്പ്പിയ്ക്കുകയായിരുന്നു. സാംസ്കാരിക നായകരെ സീറ്റു നേടാനുള്ള സ്വതന്ത്ര പ്രതികളാക്കി ദുര്വിനിയോഗിക്കുന്ന ചിലരുടെ മുന്‍ ചിട്ടകള്‍ക്കു മറുപടികൂടിയായിരുന്നുവല്ലോ അത്. അവിടെ തപസ്യ കലാകാരന്മാര് അവതരിപ്പിയ്ക്കുന്ന നാടകം പ്രൊഫസര്‍ക്കുള്ള ഗുരുദക്ഷിണയാണ്. ഏറെ നാള് തപസ്യയുടെ അദ്ധ്യക്ഷനായിരുന്നുവല്ലോ അദ്ദേഹം.
നാടകം തുടങ്ങുകയാണ്
ഓരോ അഞ്ചാണ്ട് കൂടുന്തോറും അധികാരത്തിലെത്തി കട്ടുമുടിക്കുന്നവരെ അനുസ്മരിപ്പിക്കുന്നതാണ് കള്ളന് കയറിയ വീട് എന്ന പേര്. സോളാര്‍ അഴിമതി, ബാര്‍കോഴ, ലാവ്ലിന്, അക്രമരാഷ്ട്രീയം തുടങ്ങി ചെറുതും വലുതുമായ, കേരളത്തിന്റെ വികസനത്തെ തടയിടുന്ന പ്രശ്നങ്ങളോടുള്ള പ്രതികരണമാണ് ഈ നാടകം. എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത്, കൊള്ളുമ്പോള്‍ ഒരുകോടി എന്ന മട്ടാണിതിന്. കേള്‍ക്കുമ്പോള്‍ തോന്നും നര്‍മ്മമെന്ന്, കണ്ടുതുടങ്ങുമ്പോള്‍ കാര്യമെന്നാകും, കഴിയുമ്പോള്‍ ഓരോ ആലോചനയിലും ഇത് ഗുരുതരമായ കാര്യം എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. അതാണല്ലോ കലയുടെ കര്‍മ്മവും ധര്‍മ്മവും.
നമ്മുടെ നാട് മുന്നോട്ട് പോകേണ്ടത് ഇങ്ങനെതന്നെയോ,ഇടതനും വലതനും കൂടി കട്ടുമുടിക്കാന്‍ കേരളത്തെ ഇനിയും തീറെഴുതിക്കൊടുക്കണോ എന്ന് ചിന്തിക്കാനും പ്രേരിപ്പിക്കുന്നതാണ് ‘കള്ളന് കയറിയ വീട്’. തൊമ്മി, സഖാവ് കോരന്, മമ്മദ് എന്നീ കഥാപാത്രങ്ങളിലൂടെ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം അനാവരണം ചെയ്യുമ്പോള്‍, സാധാരണക്കാരിലൂടെയാണ് അത് കാണികളോട് സംവദിക്കുന്നത്. ഭൂരഹിതരുടേയും ദളിതരുടേയും പ്രശ്നങ്ങളും മോദിസര്‍ക്കാരിനെതിരെയുള്ള നുണപ്രചാരണവും എല്ലാം സത്യത്തിന്റെ വീക്ഷണകോണില്‍ നിന്ന് തെരുവുനാടകത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ അത് നിഷ്പക്ഷരായ ജനങ്ങളുടെ കണ്ണ് തുറപ്പിക്കുമെന്ന് ഉറപ്പാണ്.
ഒമ്പത് കഥാപാത്രങ്ങളാണ്്. കോരനായി നാസര്‍ ഗുരുവായൂരും തൊമ്മിയായി അജികുമാറും മമ്മദായി രഘുനാഥ് പാലക്കാടും അഭിനയിക്കുന്നു. നേര്പക്ഷത്തുനിന്നും ചിന്തിക്കുന്നവനും രക്തസാക്ഷിയും യമരാജനും ‘കള്ളന് കയറിയ വീട്ടി’ലെ കഥാപാത്രങ്ങളാകുന്നു. നേര്പക്ഷമായി രതീഷ് ബാബുവും രക്തസാക്ഷിയായി തൃശൂര്‍ അന്നകര രഞ്ജിത്തും യമരാജനായി വിജയനാരായണന്‍ വയനാടും അഭിനയിക്കുന്നു. കോരന്റെ ഭാര്യയും ടി.പി. ചന്ദ്രശേഖരന്റെ അമ്മയുമായി വസന്ത വാടാനപ്പള്ളിയും ഗുണ്ടപ്പന് വിജയനായി ബാലന് പഴവൂരും രംഗത്തെത്തുന്നു.
മൂന്ന് ടീമായിട്ടാണ് തെരുവ് നാടകസംഘം കേരളമെമ്പാടും സഞ്ചരിക്കുന്നത്. മധ്യകേരളത്തില്‍ പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകള്‍ പിന്നിട്ട് കോട്ടയത്താണ് സമാപിക്കുക. വടക്കന്‍ കേരളത്തില്‍ കാസര്‍കോട്ടു നിന്നു തുടങ്ങിയ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ കലാജാഥ മലപ്പുറത്ത് സമാപിക്കും. തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരത്തുനിന്നാരംഭിച്ച കലാജാഥ കൊല്ലത്ത് സമാപിക്കും.
കലാജാഥയ്ക്ക് എല്ലായിടങ്ങളിലും നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്ന് തെരുവ് നാടകത്തിലെ കലാകാരന്മാര് പറയുന്നു. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന കലാജാഥ രാത്രി ഏറെ വൈകിയാണ് സമാപിക്കുന്നത്. ജനങ്ങളുടെ ആവശ്യപ്രകാരം നിശ്ചയിച്ചുറപ്പിച്ച സ്ഥലത്ത് മാത്രമല്ല അല്ലാത്തിടങ്ങളിലും അവതരിപ്പിക്കേണ്ടിവരുന്നുവെന്നത് ഈ കലാജാഥയ്ക്ക് ജനങ്ങള്‍ക്കിടയില്‍ കിട്ടുന്ന അംഗീകാരമാണ് വിളിച്ചറിയിക്കുന്നത്.
അര്‍ത്ഥവത്തായ ഒമ്പത് ഗാനങ്ങളാലും സമ്പന്നമാണ് കള്ളന് കയറിയ വീട്. പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞ് എറിഞ്ഞൊരു വലയില്‍ പെട്ടൊരു കേരളം എന്ന ഗാനം യുഡിഎഫ് സര്‍ക്കാരിന്റെ ജനവഞ്ചനയെക്കുറിച്ചുള്ളതാണ്.
അന്നം എല്ലാവര്ക്കും, ശുദ്ധജലം, കേറിക്കിടക്കുവാന്‍ ഭൂമിയിലിത്തിരി മണ്ണ്, മാവേലി നാട്ടില്‍ മാമല നാട്ടില്‍ എന്നുമെന്നും തിരുവോണമാകാന്‍, അന്നവും വെള്ളവും മണ്ണും തൊഴിലും എല്ലാ ജനത്തിനും കിട്ടിടുവാന്‍ തുടങ്ങിയ ഗാനങ്ങള്‍ ഒരുമാറ്റത്തിന്റെ ആവശ്യകതയിലേക്കും പ്രതീക്ഷയിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു.
ഭാരതീയ ജനതാപാര്‍ട്ടിയെ വര്‍ഗീയതയുടെ ഇല്ലാപ്പേരും പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെയും ഈ നാടകം ശക്തമായി പ്രതികരിക്കുന്നു. ക്രിസ്ത്യാനിയെന്നും മുസ്ലിമെന്നും വേര്‍തിരിവില്ലാതെ എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് ദേശീയ ജനാധിപത്യസംഖ്യത്തിന്റെ യഥാര്‍ത്ഥ ദര്‍ശനമെന്ന സന്ദേശമാണ് അത് ജനങ്ങളിലെത്തിക്കുന്നത്. ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുവും ഒരുകൊടിക്കീഴില്‍ അണിനിരന്ന്, ഇവിടെ താമരവിരിയുമെന്ന സന്ദേശം നല്‍കിക്കൊണ്ടാണ് കള്ളന് കയറിയ വീടെന്ന തെരുവ് നാടകം അവസാനിക്കുന്നത്.
നാടകത്തിലൂടെ
കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ നാട്ടില്‍ നടത്തുന്ന നീതിനിഷേധമാണ് കള്ളന് കയറിയ വീടിന്റെ പ്രമേയം. കേസരി വാരികയുടെ ചീഫ് എഡിറ്ററും കവിയുമായ ഡോ. എന്‍. ആര്. മധുവാണ് നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത നാടക സംവിധായകന് സുധീര്‍ ബാബുവാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മൂന്ന് ബാച്ചായിട്ടാണ് തെരുവുനാടകം കേരളത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ഈ യാത്രകളെ കോഡിനേറ്റ് ചെയ്യുന്നത് വടക്കന്‍ കേരളത്തില്‍ ഡോ. ബാലകൃഷ്ണന് കൊളവയലും മധ്യകേരളത്തില്‍ സജി നാരായണനും തെക്കന്‍ കേരളത്തില്‍ ആറ്റിങ്ങല്‍ സുരാജുമാണ്. 35 മിനിട്ട് ദൈര്‍ഘ്യമാണ് നാടകത്തിന്.
കോരന് എന്ന കഥാപാത്രം പുലയ പിന്നാക്ക അധസ്ഥിത വിഭാഗത്തിന്റെ പ്രതിനിധിയാണ്. മമ്മദ് മുസ്ലിം വിഭാഗത്തേയും തൊമ്മി ക്രിസ്ത്യന്‍ വിഭാഗത്തേയും പ്രതിനിധീകരിക്കുന്നു. ഇവിടെ ദേശീയതയുടെ പക്ഷത്തുനില്ക്കുകയാണ് നേര്‍പക്ഷം. കേരളീയ സമൂഹത്തിന്റെ നേര്ഛേദങ്ങളാണ് ഈ കഥാപാത്രങ്ങള്‍.
നാടകം തുടങ്ങുന്നതുതന്നെ നാടകം കളിക്കാന്‍ കഥാപാത്രങ്ങള്‍ തമ്മില്‍ ക്ഷണിക്കുന്നതിലൂടെയാണ്. കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളെ പരിഹസിച്ചുകൊണ്ടാണ് ഈ ആക്ഷേപഹാസ്യ നാടകം തുടങ്ങുന്നത്.
കോരന് എന്നത് മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനാണ്. ഓരോ കഥാപാത്രങ്ങളും അവരുടേതായ രീതിയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആ പ്രാര്‍ത്ഥനയില്‍ തെളിയുന്നതാവട്ടെ നാട്ടിലെ അഴിമതിയും കൊള്ളരുതായ്മയുമാണ്. തുടക്കത്തില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ ജാതിമതഭേദമൊന്നുമില്ലെന്ന് നാടകം വ്യക്തമാക്കുന്നു.
രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ തമ്മില്‍ തല്ലിക്കുന്ന ഇടതുവലതുമുന്നണികളുടെ ഇരകളാണ് അവര്‍. ഇതിനിടയിലാണ് നേര്‍പക്ഷം കടന്നുവരുന്നത്. അഴിമതിക്കൂട്ടത്തെ ഉച്ചാടനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ വരുന്ന നേര്പക്ഷത്തോട് തങ്ങള്‍ കള്ളന് കയറിയ വീട്ടിലെ ആളുകളാണെന്ന് മൂവരും പറയുന്നു. കേരളത്തെയാണ് കള്ളന് കയറിയ വീടുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതില്‍ നിന്നെല്ലാം മോചനമുണ്ടെന്ന് വ്യക്തമാക്കുന്ന നേര്‍പക്ഷം മൂന്നാമതൊരു വഴിയുണ്ടെന്ന് അവരെ ധരിപ്പിക്കുന്നു.
രാഷ്ട്രീയ ലാഭത്തിനായി ഇടതുപക്ഷം ചൂഷണം ചെയ്ത കീഴ്ജാതിക്കാരന്റെ പ്രതീകമായ കോരനുള്പ്പടെയുള്ളവര് ആ മൂന്നാം വഴിയെന്നത് ഭാരതീയ ജനതാപാര്ട്ടിയാണെന്ന് തിരിച്ചറിഞ്ഞ് താമരക്കൊടിയ്ക്കുകീഴില് ഒന്നാകാന്‍ തീരുമാനിക്കുന്നു.
അപ്പോഴാണ് എല്‍ഡിഎഫ് വരും എല്ലാവരേയും ശരിയാക്കും എന്ന വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേള്‍ക്കുന്നത്. നാട്ടില്‍ എന്തോ ആപത്ത് വരാന്‍ പോകുന്നുവെന്ന് മനസ്സിലാക്കുന്ന കോരന് ആ ആപത്തില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ എല്ലാവര്ക്കും ഒന്നിച്ചുനില്‍ക്കാമെന്ന് നിര്‍ദ്ദേശിക്കുന്നു.
കേരളത്തെ മുഴുവന്‍ രക്ഷിക്കാന്‍വേണ്ടി സഖാവ് ഗുണ്ടപ്പന് വിജയനും സംഘവും പല്ലക്കില്‍ എത്തുന്നു. യഥാര്‍ത്ഥ മാടമ്പിമാര്‍ ആരെന്ന സത്യമാണ് പല്ലക്കിലെത്തുന്ന ഗുണ്ടപ്പന് വിജയനിലൂടെ ജനങ്ങളിലേക്കെത്തുന്നത്. ഇയാളുടെ സഹായിയായി യമരാജന് എത്തുന്നു. ആരെയെങ്കിലും ശരിയാക്കാന്‍ ഉണ്ടോ എന്ന് ചോദ്യമുയരുമ്പോള്‍ ഇവരുടെ മുന്നിലേക്ക് 51 വെട്ടുകൊണ്ട് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ അമ്മയും കൂത്തുപറമ്പ് വെടിവയ്പ്പിലെ രക്തസാക്ഷിയും എത്തുന്നു. അവര്‍ ഇടതുപക്ഷത്തിനെതിരെ തിരിയുന്നു. കുഴിമാടം വിട്ട് എല്ലാ പ്രേതങ്ങളും കൂടി ഇടതുപക്ഷത്തെ വേട്ടയാടാന്‍ തുടങ്ങുമ്പോള്‍ എല്‍ഡിഎഫ് വരില്ലെന്നും എല്ലാവരേയും ശരിയാക്കാന്‍ പറ്റില്ലെന്നും യമരാജന് അഭിപ്രായപ്പെടുന്നു.
നുണപ്രചാരണത്തിലൂടെ ഹിന്ദുവിനേയും മുസ്ലിമിനേയും ക്രിസ്ത്യാനിയേയും തമ്മില്‍ തല്ലിയ്ക്കാമെന്ന യമരാജന്റെ കുബുദ്ധി ബീഫ് ഫെസ്റ്റിവലില്‍ കാര്യം കൊണ്ടുചെന്നെത്തിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി ഇടതുപക്ഷം നടത്തിയ ബീഫ് ഫെസ്റ്റിവലിനേയും ചുംബന സമരത്തേയും ഈ നാടകം കണക്കറ്റ് പരിഹസിക്കുന്നു.
കേരളത്തില്‍ ഇപ്പോള്‍ ഭരണം നടത്തുന്നത് ഉമ്മന്‍ ചാണ്ടിയല്ലെന്നും എല്ലാം ചൂണ്ടിക്കൊണ്ടുപോകുന്ന ഉമ്മന്‍ ചൂണ്ടിയാണെന്നും നേര്‍പക്ഷം വിലയിരുത്തുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദാലത്തുകള്‍ നടത്തുന്ന മുഖ്യമന്ത്രിക്ക് ഭൂമിയില്ലാത്തവന് കൊടുക്കാന്‍ ഒരുതുണ്ട് ഭൂമിയില്ലെന്നും പരശുരാമനെ വരുത്തി വീണ്ടും കേരളത്തെ സൃഷ്ടിക്കണമെന്നും പറഞ്ഞുകൊണ്ട് പാവപ്പെട്ട ജനങ്ങളെ കബളിപ്പിക്കുകയാണ്. ”അതിവേഗം ബഹുദൂരം ഉമ്മന്‍ ചൂണ്ടി,
അതിലേറെ വേഗത്തില്‍ സരിതപ്പെണ്ണ്” എന്ന ഗാനം ഉമ്മന്‍ ചാണ്ടി ഭരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ‘വളരണം നാട്, തുലയണം ഈ ഭരണം’ എന്ന് ജനങ്ങളും ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് കള്ളന് കയറിയ വീട് എന്ന നാടകം വ്യക്തമാക്കുന്നു.
കോരനാണ് നാടകത്തിലെ ശ്രദ്ധേയ കഥാപാത്രം. ഈ കഥാപാത്രമാണ് ഇടതിന്റെ ചുംബന സമരത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കിയെന്ന് പറയുന്ന കോരന് തന്നെ ഒടുവില്‍ നിങ്ങള്‍ എന്നെ ബിജെപിയാക്കിയെന്നും പറയുമ്പോള്‍ ഇടതുപക്ഷത്തിന് വേണ്ടി ഒരുകാലത്ത് ജീവന് കളയാന്‍പോലും തയ്യാറായവര്‍ക്ക് ഇന്ന് ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിയ്ക്കാന്‍ സാധ്യമല്ലെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്.
കോരനും മമ്മദും തൊമ്മിയും കള്ളന് കയറിയ വീട്ടില്‍ നിന്നും മോചനം വേണമെന്നാഗ്രഹിക്കുമ്പോള്‍ ഇവര്‍ക്കിടയിലേക്ക് നേരിന്റെ പക്ഷവുമായി നേര്പക്ഷമെത്തുന്നു.
”മോദിഭാരതത്തിനൊപ്പം
കേരളം കുതിയ്ക്കണം
ജാതിമതഭേദമില്ലാ നാളുകള്‍
പിറക്കണം
അക്രമത്തിന്നഴിമതിക്ക് അറുതി
നമ്മള് കാണണം” എന്ന് നേര്‍പക്ഷം പറയുമ്പോള്‍ മൂവരും നേര്പക്ഷത്തിനൊപ്പം നിലയുറപ്പിക്കുന്നു.
”ഹരിതകാവി പതാക വാനില്‍ നീളെ നിറയുന്നു
നവയുഗത്തിന് പുലരി താമര മലരുവിരിയുന്നു” എന്ന ഗാനത്തിനൊപ്പം ജാതിമതഭേദമന്യേ തൊമ്മനും കോരനും മമ്മദും താമരക്കൊടിക്ക് കീഴില്‍ അണിനിരക്കുന്നതോടെ നാടകം കുറിയ്ക്കു കൊള്ളുന്നു… പല നാടകങ്ങളുടെയും തിരശ്ശീല പൊട്ടി വീഴുന്നു… പല നായകന്മാരുടെയും കപട വേഷങ്ങള്‍ അഴിഞ്ഞു വീഴുന്നു… സത്യയുഗത്തിലേക്കുള്ള പുതിയ വാതില്‍ തുറക്കുന്നു… പിന്‍വാതിലൂടെ കള്ളന്മാര് ഓടിയൊളിയ്ക്കുമെന്ന വിശ്വാസം ഉറയ്ക്കുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: