ഹരിണാ തു കഥം യജ്ഞഃ കൃതഃ പൂര്‍വ്വം പിതാമഹ
ജഗത്കാരണരൂപേണ വിഷ്ണുനാ പ്രഭവിഷ്ണുനാ
കേ സഹായാസ്തു തത്രാസന്‍ ബ്രാഹ്മണാഃ കേ മഹാമതേ
ഋത്വിജോ വേദതത്ത്വജ്ഞാസ്തന്മേ ബ്രൂഹി പരന്തപ
ജനമേജയന്‍ ചോദിച്ചു: ‘ഭഗവാന്‍ വിഷ്ണു സ്വയം ജഗത്കാരണനാണല്ലോ? അദ്ദേഹമെങ്ങനെയാണ് യജ്ഞം നടത്തിയത്? ആരൊക്കെയാണ് യാഗസഹായത്തിന് കൂടെ കൂടിയവര്‍? ഭഗവാന്‍ വിഷ്ണു ചെയ്ത അംബായജ്ഞത്തിന്റെ വിശേഷങ്ങള്‍ കേട്ട് മനസ്സിലാക്കിയ ശേഷം ഞാനും ശ്രദ്ധാപൂര്‍വ്വം അംബായജ്ഞത്തെ അനുഷ്ഠിച്ചുകൊള്ളാം.’
വ്യാസന്‍ പറഞ്ഞു: ‘ഭഗവാന്‍ വിഷ്ണു ചെയ്ത ആ മഹാ യജ്ഞത്തിന്റെ വൈശിഷ്ട്യം പറഞ്ഞാല്‍ തീരില്ല. എങ്കിലും ഞാനത് അങ്ങയുടെ അറിവിലേയ്‌ക്കായി സവിസ്തരം പറഞ്ഞു നോക്കാം. മൂന്നു ശക്തികളെ സഹധര്‍മ്മം അനുഷ്ഠിക്കാന്‍ കൂട്ടു നല്‍കി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ ദേവി വിമാനമാര്‍ഗ്ഗം തിരികെ അയച്ചതിനെപ്പറ്റി നേരത്തെ പറഞ്ഞുവല്ലോ? അവര്‍ മൂന്ന് ദമ്പതികളും ഘോരസമുദ്രത്തില്‍ ചെന്ന് സ്വധാമങ്ങള്‍ നിര്‍മ്മിക്കാനായി ആദ്യം ഭൂമിയെ സൃഷ്ടിച്ചു.
അപ്പോള്‍ ദേവി സ്വമേധയാ തന്റെ ആധാരശക്തിയെ അവര്‍ക്കായി നല്‍കി. അങ്ങനെ ഭൂമി ആധാരശക്തിയെ ആശ്രയിച്ചു മേദസ്സോടു കൂടി നിലകൊണ്ടു. മധുകൈടഭന്മാരുടെ മേദസ്സിനാല്‍ മേദിനിയായും എല്ലാറ്റിനെയും ധരിക്കുന്നവളാകയാല്‍ ധരയായും വിസ്താരം കൊണ്ട് പ്രിഥ്വിയായും വലുപ്പം കൊണ്ട് മഹിയായും ഭൂമി അറിയപ്പെട്ടു.
ദേവി ആ ഭൂമിയെ ശേഷന്റെ മസ്തകത്തിലെ നാഗമണിയായി പ്രതിഷ്ഠിച്ചു. എന്നിട്ട് മരക്കഷണങ്ങള്‍ ഉറപ്പിക്കാന്‍ ആശാരിമാര്‍ ആണി വെയ്‌ക്കുന്നതുപോലെ സര്‍പ്പമസ്തകത്തിലിരിക്കുന്ന ഭൂഗോളം ഇളകാതിരിക്കാന്‍ ദേവി പര്‍വ്വതങ്ങളെയും സ്ഥാപിച്ചു. അതിനാല്‍ പണ്ഡിതന്മാര്‍ പര്‍വ്വതങ്ങളെ മഹീധരം എന്ന് വിളിക്കുന്നു. മഹീധരങ്ങളില്‍ പ്രമുഖനാണ് മേരു. അതിവിസ്തൃതിയും രത്‌നശൃംഗങ്ങള്‍ നിറഞ്ഞതുമാണ് ആ മഹാപര്‍വ്വതം.
















