അഞ്ചാലുംമൂട്: ഷെഡിന് തീപിടിച്ച് നാല് ആടുകള്‍ വെന്തു മരിക്കുകയും ഒരു ആടിന് പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു. ഞാറയ്‌ക്കല്‍ ഏലുമല ക്ഷേത്രത്തിനുസമീപം പണയില്‍തെക്കതില്‍ പങ്കജാക്ഷിഅമ്മയുടെ ആടുകളാണ് വെന്ത് മരിച്ചത്. വെളുപ്പിന് മൂന്നിനായിരുന്നു സംഭവം. ആടുകളുടെ കൂട്ടനിലവിളി കേട്ട് വീട്ടുകാര്‍ തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ആടുകളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഷെഡു പൂര്‍ണ്ണമായും കത്തിനശിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കടപ്പാക്കടയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇതില്‍ ഒരു ആട് രണ്ടര മാസം ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷക്കാലമായി പങ്കജാക്ഷിഅമ്മയ്‌ക്ക് ജീവിതമാര്‍ഗവും വിനോദവുമായിരുന്നു ആടുവളര്‍ത്തല്‍. തീ കത്താനുണ്ടായ സാഹചര്യം വ്യക്തമല്ല. മൃഗാശുപത്രിയില്‍ നിന്നും ഡോക്ടര്‍ സ്ഥലത്തെത്തി പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ആടുകളെ സംസ്‌ക്കരിച്ചു.
















