ന്യൂദല്‍ഹി: കോടികളുടെ അഴിമതി നടന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്- റഫേല്‍ കരാറുകളുമായി ബന്ധപ്പെട്ട് വിദേശ കമ്പനികളില്‍ നിന്നും വന്‍തുക കോഴ കൈപ്പറ്റിയവരില്‍ രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരും. കോഴവാങ്ങി വാര്‍ത്തകള്‍ എഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം ആരംഭിക്കണമെന്ന് രാജ്യസഭാംഗം ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.
റഫേല്‍ വിമാന കരാറുമായി ബന്ധപ്പെട്ട് അഞ്ചു കോടി രൂപ വാങ്ങിയ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നുണ്ടെന്നും സ്വാമി വെളിപ്പെടുത്തി. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ എഴുതുന്നതിന് കോഴ വാങ്ങിയ മാധ്യമ പ്രവര്‍ത്തകനെയും ഉടന്‍ ചോദ്യം ചെയ്യുമെന്നറിയുന്നു. പ്രതിരോധ കരാറുകളുമായി ബന്ധപ്പെട്ട് യുപിഎ ഭരണകാലത്ത് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിദേശ ആയുധക്കമ്പനികളുടെ കോഴപ്പണം ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്ത വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ടുജി, സ്‌പെക്ട്രം അഴിമതികളിലും നേരത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ പേരുകള്‍ പുറത്തുവന്നിരുന്നു.
അഴിമതിക്കരാറിന് അനുകൂലമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിക്കെതിരെ ആയിരക്കണക്കിന് പേര്‍ ട്വിറ്ററില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞമാസം സര്‍ദേശായിക്ക് ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കേണ്ടിവന്നിരുന്നു. രാജ്യതലസ്ഥാനത്തെ കൂടുതല്‍ മാധ്യമ പ്രവര്‍ത്തകരുടെ പേരുകള്‍ പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുമ്പോള്‍ പ്രതിരോധിക്കാനാവാത്ത അവസ്ഥയിലാണ് പലരും.
















