ന്യൂദല്‍ഹി: ഭാരതത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി 2015-16 വര്‍ഷത്തില്‍ എയര്‍ ഇന്ത്യ ചെലവഴിച്ചത് വെറും 117 കോടി രൂപ.
റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി, കൊറിയ, മംഗോളിയ, ചൈന, യുഎഇ, അയര്‍ലന്‍ഡ്, യുകെ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി തുടങ്ങി 22 രാഷ്‌ട്രങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്.
അതേസമയം കുറച്ച് രാഷ്‌ട്രങ്ങളില്‍ 2013-14 കാലഘട്ടത്തില്‍ സന്ദര്‍ശനം നടത്തിയ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് 108 കോടി ചെലവഴിച്ചിരുന്നു. ലോകേഷ് ഭദ്ര എന്നയാള്‍ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഭൂട്ടാന്‍, ആസ്‌ട്രേലിയ, മ്യാന്‍മര്‍, ഫിജി, ജപ്പാന്‍, ബ്രസില്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലാണ് മോദി ആദ്യവര്‍ഷം സന്ദര്‍ശനം നടത്തിയത്. അമേരിക്കയില്‍ മോദി നടത്തിയ സന്ദര്‍ശനം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൗദി അറേബ്യന്‍ സന്ദര്‍ശനം നയതന്ത്രരംഗത്തെ വലിയ നേട്ടവും ചരിത്രവുമായിരുന്നു.
മോദിയുടെ വിദേശരാജ്യങ്ങളിലെ സന്ദര്‍ശനങ്ങളിലൂടെ 100 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്. ജിഡിപി വളര്‍ച്ചയില്‍ ചൈനയെ പിന്നിലാക്കുവാനും ഭാരതത്തിനായി.
















