ന്യൂദല്‍ഹി: ജോലിയില്‍ മികവ് തെളിയിക്കാത്ത 33 റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ജോലിയില്‍ വീഴ്ച വരുത്തുകയും നിലവാരം കുറഞ്ഞ പ്രകടനം കാഴ്ച വെയ്‌ക്കുകയും ചെയ്ത 72 ഉദ്യോഗസ്ഥരെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ജോലിയില്‍ നിന്നും പുറത്താക്കിയതായും കേന്ദ്രധനകാര്യസഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു.
അമ്പത് വയസ്സിനു മുകളില്‍ പ്രായമുള്ള ക്ലാസ് വണ്‍ വിഭാഗത്തില്‍ പെട്ട 105 ഉന്നതോദ്യോഗസ്ഥര്‍ക്കാണ് നടപടി നേരിടേണ്ടിവന്നത്. ജോലിനിലവാരമില്ലാത്തവരെ വെച്ചുപൊറുപ്പിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് റവന്യൂ വകുപ്പ് നടപടികള്‍ ആരംഭിച്ചത്. മറ്റു വകുപ്പുകളും കഴിവുകുറഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ വിശ്രമിക്കാമെന്ന പതിറ്റാണ്ടുകളുടെ കാഴ്ചപ്പാടിന് അന്ത്യം കുറിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
കഴിവുകുറഞ്ഞ പ്രകടനം കാഴ്ച വെയ്‌ക്കുകയും പൊതുജനങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്നത് തങ്ങളുടെ ജോലിയെ ബാധിക്കുകയില്ലാത്ത കാര്യമാണെന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുധാരണ മാറ്റാന്‍ കേന്ദ്രനടപടി വഴിവെച്ചതായി പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് നിരവധി പരാതികളാണ് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് ജനുവരിയിലാണ് ഇത്തരത്തിലുള്ള കഴിവുകുറഞ്ഞ ജീവനക്കാര്‍ക്കെതിരെ നടപടികള്‍ ആരംഭിക്കാന്‍ എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ലഭിക്കുന്നത.്
ഇതേ തുടര്‍ന്ന് ജനുവരി അവസാനത്തോടെ ഡപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള പ്രവര്‍ത്തിക്കാത്ത 122 ഉദ്യോഗസ്ഥരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ചു. പ്രതിരോധമന്ത്രാലയത്തിലെ 17പേരും ഉന്നത വിദ്യാഭ്യാസ വകുപ്പിലെ 13പേരും ആരോഗ്യ വകുപ്പിലെ 7പേരും വാണിജ്യ മന്ത്രാലയത്തിലെ 6പേരും പട്ടികയിലുണ്ട്. ഇവരുടെ വകുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം നടപടികള്‍ ആരംഭിക്കുമെന്ന് പേഴ്‌സണല്‍ കാര്യമന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
















