കൊട്ടാരക്കര: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജേശ്വരി രാജേന്ദ്രന്റെ സ്വീകരണപരിപാടികള്‍ക്ക് ഇന്നലെ എഴുകോണില്‍ തുടക്കമായി.
ചെങ്കോട്ടകളില്‍ വരെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ നിര കാവിഷാളുകളുമായി സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
കശുവണ്ടിതൊഴിലാളികള്‍ ഏറെയുള്ള പഞ്ചായത്തില്‍ സ്വീകരണസ്ഥലങ്ങളില്‍ എത്തി അവര്‍ സ്ഥാനാര്‍ത്ഥിയോട് തങ്ങളുടെ കദനകഥ വിവരിച്ചു. എല്ലാത്തിനു പരിഹാരം കാണാന്‍ എന്‍ഡിഎക്ക് ഒപ്പം നില്‍ക്കാമെന്ന ഉറപ്പും.
മേടചൂടിന്റെ ചുട്ടുപൊള്ളുന്ന കാഠിന്യമൊന്നും സ്വീകരണത്തിന്റെ ആവേശം കെടുത്താനായില്ല. രാവിലെ എഴുകോണ്‍ ജംഗ്ഷനില്‍ നിന്നായിരുന്നു പരിപാടിയുടെ ഔദ്യോഗിക തുടക്കം. ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ.പി.അരുള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. ബിജെഡിഎസ് ജില്ലാവൈസ്പ്രസിഡന്റ് ചിറ്റയം രാമചന്ദ്രന്‍, മാലയില്‍ അനില്‍, അണ്ടൂര്‍ രാധാകൃഷ്ണന്‍, ഫിലിപ്പ് ജെ.പണിക്കര്‍, ശ്രീനിവാസന്‍, ആര്‍.വേണു, ചാലുക്കോണം അജിത്ത്, മനോജ്, സാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പഞ്ചായത്തിലെ 52 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. സ്വീകരണത്തിന് നേതാക്കളായ സാബു, മഠത്തില്‍ ശശി, പൂത്തൂര്‍രാജേഷ്, ധന്യവല്ലം, വിദ്യകരുവായം, സ്മിത, ലിജി, ഹരിതഗിരീഷ്, സുമരാജ് എന്നിവര്‍ നേതൃത്വം നല്‍കി.
















