കരുനാഗപ്പള്ളി: സ്ഥാപിത താല്പര്യക്കാരുടെയും അധികൃതരുടെയും അവഗണനയില്‍ കുടുങ്ങി ചവറയിലുള്ള ക്യാന്‍സര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു.
കരുനാഗപ്പള്ളിയിലും പരിസരപ്രദേശത്തും ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ 1990ല്‍ വവ്വാക്കാവിലാണ് കേന്ദ്രം സ്ഥാപിച്ചത്. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് മൂലം കേന്ദ്രം ചവറയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. 2000ല്‍ ചവറയില്‍ ആരംഭിച്ച കേന്ദ്രത്തിന് 20 കിടക്കകളാണ് ആകെ ഉണ്ടായിരുന്നത്. 2010ല്‍ ദുര്‍ബലമായിരുന്ന കെട്ടിടം തകര്‍ന്ന് വീഴുകയും ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം മെഡിക്കല്‍ ഓഫീസറുടെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റുകയുമായിരുന്നു. അതേസമയം സ്ഥലസൗകര്യമില്ലാതിരുന്നതിനാല്‍ പുതിയ കെട്ടിടത്തിനായി അധികൃതര്‍ ശ്രമിക്കുകയുമായിരുന്നു. അതിനെ തുടര്‍ന്ന് കേന്ദ്രത്തിനാവശ്യമായ കെട്ടിട്ടത്തിന് അപേക്ഷ നല്‍കി. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സും തിരുവനന്തപുരം റീജീയണല്‍ ക്യാന്‍സര്‍ സെന്ററുമായി ചേര്‍ന്ന് കെട്ടിടത്തിന് പ്ലാന്‍ തയാറാക്കുകയും പിഡബ്ല്യൂഡി കെട്ടിടം പണിയുകയുമായിരുന്നു. ഒരു കോടി രൂപയ്‌ക്കാണ് കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിടം പണി പൂര്‍ത്തിയായിട്ടും ക്യാന്‍സര്‍ യൂണിറ്റിന് അവകാശപ്പെട്ട സ്ഥലം കൈമാറാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇതിന് വേണ്ടി ഹെല്‍ത്ത് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ബ്ലോക്ക് അധികാരികള്‍ എന്നിവരെ സമീപിച്ചെങ്കിലും അനുകൂലമായ നടപടി സ്വീകരിച്ചില്ല എന്നു മാത്രമല്ല കെട്ടിടത്തിന് മുമ്പില്‍ താലൂക്ക് പാലിയേറ്റ് കേന്ദ്രമെന്ന് ബോര്‍ഡ് വച്ച് സിഎച്ച്എസി നീണ്ടകര ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് കമ്മിറ്റിക്കു കെട്ടിടം വിട്ട് കൊടുക്കുകയും ചെയ്തു. ഫലത്തില്‍ ചവറ ക്യാന്‍സര്‍ യൂണിറ്റിന് പ്രവര്‍ത്തിക്കുവാന്‍ കെട്ടിടമോ ജീവനക്കാരോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത സ്ഥിതിയാണ്. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സ്ഥാപിത താല്പര്യക്കാരനും ചവറ മണ്ഡലം പ്രതിനിധീകരിക്കുന്ന വ്യക്തിയുമാണെന്നാക്ഷേപം ശക്തമാണ്.
എല്ലാ പബ്ലിക്ക് ഹെല്‍ത്ത് സെന്ററുകളിലും ആഴ്ചയിലൊരിക്കല്‍ പാലിയേറ്റ് ക്ലീനിക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നരിക്കേ താലൂക്ക് പാലിയേറ്റ് കേന്ദ്രമെന്ന പേരില്‍ ഈ കെട്ടിടം കൈവശപ്പെടുത്തിയിരിക്കുന്നത് നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികളോടുള്ള കൊടും ക്രൂരത മാത്രമാണ്. കരുനാഗപ്പള്ളി, ചവറ, തുടങ്ങിയ തീരദേശമേഖലകളില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്കായി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ട അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
















