ആലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ജി. സുധാകരന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ ജനപങ്കാളിത്തം കുറയുമെന്ന വ്യക്തമായ സാഹചര്യത്തില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്നും നിര്‍ബ്ബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ ഇറക്കുമതി ചെയ്യാനുള്ള നീക്കം സിപിഎമ്മില്‍ വിവാദമാകുന്നു. ആലപ്പുഴ നിയോജകമണ്ഡലം പരിധിയിലെ ആലപ്പുഴ നഗരത്തില്‍ ഉള്‍പ്പെടുന്ന 54 ബൂത്തുകളില്‍ നിന്നും അമ്പതു പ്രവര്‍ത്തകരെ വീതം പങ്കെടുപ്പിക്കാനാണ് ഏരിയാ സെക്രട്ടറി ശക്തമായി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പണിമുടക്കി നിര്‍മ്മാണ തൊഴിലാളികളും മറ്റു തൊഴിലാളികളും പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. ആലപ്പുഴ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ഈ നീക്കം സാരമായി ബാധിക്കുമെന്നാണ് ഐസക്ക് അനുകൂലികള്‍ ആരോപിക്കുന്നത്. അമ്പലപ്പുഴ മണ്ഡലത്തിലെ പരിപാടി വിജയിപ്പിക്കാന്‍ മറ്റു നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണം അവതാളത്തിലാക്കുന്നതിനെതിരെ ഇവിടുത്തെ പ്രധാന നേതാക്കള്‍ ജില്ലയുടെ ചുമതല വഹിക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ക്ക് പരാതി നല്‍കിയതായും അറിയുന്നു. സുധാകരനുവേണ്ടി വിഎസ് പ്രചാരണത്തിനെത്തുന്നത് ജില്ലയിലെ വിഎസ് അനുകൂലികള്‍ക്ക് ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല.
















