കോഴിക്കോട്: നാദാപുരത്തെ കിണമ്പ്രകുന്നിലെ സിപിഎം കേന്ദ്രത്തില്‍ ഉണ്ടായ സ്‌ഫോടനം മറച്ചുവെക്കാന്‍ നടത്തിയത് തീവ്രശ്രമം. സ്‌ഫോടനം ഉണ്ടായ ഉടനെ പരിക്കേറ്റവരെ ഒളിപ്പിക്കാന്‍ ശ്രമം നടന്നു. രാത്രി വൈകിയാണ് സ്‌ഫോടനം നടന്നതെന്നതിനാല്‍ സ്ഥലം കണ്ടുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കി. അരമണിക്കൂര്‍ കഴിഞ്ഞതിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. സമീപത്തെ കല്യാണ വീട്ടില്‍ നിന്നുള്ളവരാണ് സ്‌ഫോടനം കേട്ട് ആദ്യം സ്ഥലത്തെത്തിയത്. ഇവരെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. പരിക്കേറ്റവരെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പോലീസ് ഇടപെട്ടാണ് ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്‌ക്ക് അയച്ചത്.
പരിക്കേറ്റ പലരെയും കണ്ണൂര്‍ ജില്ലയിലേക്ക് കടത്തിയതായി സംശയിക്കുന്നുണ്ട്. നേരത്തെ നടത്തിയ പരിശോധനയില്‍ ഇവിടെ നിന്നും ബോംബുണ്ടാക്കാനുള്ള 26 സ്റ്റീല്‍ കണ്ടെയിനറുകള്‍ കണ്ടെത്തിയിരുന്നു. പോലീസ് പരിശോധന നടത്തുന്നുണ്ടെങ്കിലും ഒന്നും കാര്യക്ഷമമാകുന്നില്ല എന്ന ആരോപണമുണ്ട്. പോലീസില്‍ നിന്നും തെരച്ചില്‍ വിവരം നേരത്തെ അറിഞ്ഞ് സ്‌ഫോടകവസ്തുക്കളും നിര്‍മ്മാണ സാമഗ്രികളും മാറ്റുകയാണ് പതിവ്. തെരഞ്ഞെടുപ്പ് അടുത്തതോടെ സമീപപ്രദേശങ്ങളില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇന്നലെ പുറത്തായിരിക്കുന്നത്.
















