ചവറ: നീണ്ടകര ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ നീണ്ടകര തീരദേശ പോലീസിന്റെ മൂന്ന് ബോട്ടുകള്‍ നോക്കുകുത്തികളായിട്ടും അധികൃതര്‍ മൗനത്തില്‍. നേത്ര, യോദ്ധാ, ദര്‍ശന എന്നീ ബോട്ടുകളാണ് കടലില്‍ ഇറക്കി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാതെ കെട്ടിയിരിക്കുന്നത്.
നേത്ര, യോദ്ധാ ബോട്ടുകള്‍ കേടാകുകയും ഒരു മാസത്തിനുമുമ്പ് ഇന്‍ഷുറന്‍സ് കാലാവധി കഴിയുകയും ചെയ്തതോടെയാണ് മരണാസന്നനായി ബോട്ടുകള്‍ മാറിയിരിക്കുന്നത്. ഇന്‍ഷുറന്‍സ് പേപ്പറുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്കു മുമ്പാണ് ദര്‍ശനയും കണ്ണടച്ചിരിക്കുത്. എന്നാല്‍ ബോട്ടുകള്‍ക്ക് യഥാസമയം പ്രീമിയം അടയ്‌ക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മൂന്നുബോട്ടുകള്‍ക്കും സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന്റെ പേരിലാണ് ഇന്‍ഷുറന്‍സ് കമ്പനി പോളിസി പുതുക്കി നല്‍കാത്തതെന്നാണ് അറിവ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ട ബോട്ടുകള്‍ക്ക് ഈ പ്രശ്‌നങ്ങള്‍ കാരണം കടലില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ചുരുക്കത്തില്‍ തീരദേശ പോലീസിന് മത്സ്യബന്ധന ബോട്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത്. ബന്ധപ്പെട്ടവര്‍ കനിഞ്ഞ് തീരദേശ പോലീസിന്റെ മൂന്ന് ബോട്ടുകള്‍ക്കും പുനര്‍ജീവന്‍ നല്‍കണം എന്നാണ് തീരദേശ പോലീസും മത്സ്യതൊഴിലാളികളും ആവശ്യപ്പെടുന്നത്.
















