ന്യൂദല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ കൈപ്പറ്റിയ കോഴപ്പണം ജനീവയിലെ സഫ്ര സര്സിന് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഡോ. സുബ്രഹ്മണ്യന് സ്വാമി എം.പി. സ്വിറ്റ്സര്‍ലാന്റിലെ പിക്ടെക് ബാങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിക്ഷേപം നടത്തിയിട്ടുണ്ട്. 250 കോടി രൂപയാണ് ഹെലിക്കോപ്റ്റര്‍ അഴിമതി വഴി കോണ്‍ഗ്രസ് നേതാക്കള്‍ കൈപ്പറ്റിയതെന്നും സ്വാമി ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതിനിടെ, കേസില്‍ സോണിയയ്ക്കെതിരെയുള്ള ഹര്‍ജി അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിയ്ക്കും. ആരെയും പേടിയില്ലെന്നു പറയുന്ന സോണിയ കോഴകൈപ്പറ്റിയത് ആരൊക്കെ എന്നു വെളിപ്പെടുത്തണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടു. ഇടപാടില്‍ ചില മാധ്യമങ്ങള്‍ക്കും പങ്കുകിട്ടിയെന്ന് ബിജെപി എംപി മീനാക്ഷി ലേഖി ലോക്സഭയില്‍ പ്രസ്താവിച്ചു. കോഴക്കേസില്‍ ഇന്നലെയും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം കൂട്ടിയെങ്കിലും പാര്‍ട്ടിയും നേതാക്കളും കൂടുതല്‍ കുഴപ്പങ്ങളിലേക്കു വീഴുകയാണ്.
സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ അഴിമതിപ്പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. സഫ്ര സര്സിന് ബാങ്കിലും പിക്ടെക് ബാങ്കിലും നടത്തിയ നിക്ഷേപങ്ങളെപ്പറ്റി എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തണം. സോണിയാഗാന്ധിയെ സോണിയാ ‘സിഗ്നോറ’ (മേഡം എന്നതിന്റെ ഇറ്റാലിയന്‍ വാക്ക്) ഗാന്ധിയെന്നാണ് കോടതി വിധിയില്‍ വിശേഷിപ്പിക്കുന്നതെന്നും മന്‍മോഹന്‍സിങ്, ഓസ്കാര്‍ ഫെര്‍ണ്ണാണ്ടസ്, അഹമ്മദ് പട്ടേല്‍ എന്നിവരുടെ പേരുകളും 225പേജുള്ള കോടതിവിധിയില്‍ പറയുന്നുണ്ടെന്നും സ്വാമി വെളിപ്പെടുത്തി.
ഇന്നലെ രാജ്യസഭയില്‍ ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച ചര്‍ച്ചയെ തുടര്‍ന്ന് പ്രതിപക്ഷം വീണ്ടും ബഹളമുണ്ടാക്കി. നിരവധി തവണ സഭ സ്തംഭിക്കുകയും ചെയ്തു. എന്നാല്‍ അഴിമതിക്കേസിന്റെ പേരില്‍ തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തുന്ന കോണ്‍ഗ്രസ് നടപടി നാണക്കേടായി മാറിയിട്ടുണ്ട്. മറ്റു പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസ് നിലപാടിനോട് അകലം പാലിക്കുകയാണ്. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണ് സുബ്രഹ്മണ്യന് സ്വാമിയെന്ന് ഡെപ്യൂട്ടി ചെയര്മാന് പി.ജെ. കുര്യന് ഇന്നലെ സഭയില്‍ താക്കീതായി പറഞ്ഞു.
ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതിക്കേസ് ബിജെപി ലോക്സഭയിലും ഉന്നയിച്ചു. രാജ്യത്തെ വിവിധ മാധ്യമങ്ങള്‍ക്ക് ഇറ്റാലിയന്‍ കമ്പനി 50 കോടി രൂപ നല്‍കിയെന്ന് ബിജെപി അംഗം മീനാക്ഷി ലേഖി സഭയില്‍ നടന്ന ചര്‍ച്ചയില്‍ വെളിപ്പെടുത്തി.
ഹെലക്കോപ്റ്റര് ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മൈക്കിളാണ് മാധ്യമങ്ങളെ ‘കൈകാര്യം’ ചെയ്യുന്നതിനായി പണം നല്‍കിയത്. ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്ന നടപടിയാണിതെന്നും ശൂന്യവേളയില്‍ മീനാക്ഷി ലേഖി പറഞ്ഞു. മീനാക്ഷി ലേഖിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് സഭാനേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ ബഹളവുമായി രംഗത്തെത്തി. തുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തി.
ന്യൂദല്‍ഹി: ഇറ്റലിയിലെ കോടതിയെ എങ്കിലും വിശ്വസിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി തയ്യാറാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിയില്‍ ആര്‍ക്കൊക്കെയാണ് കോഴപ്പണം ലഭിച്ചതെന്ന് സോണിയാഗാന്ധി വെളിപ്പെടുത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ സോണിയാഗാന്ധിക്കെതിരെ അതിശക്തമായ ആക്രമണമാണ് ദേശീയ അധ്യക്ഷന്‍ നടത്തിയത്. ഇതോടെ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ പ്രതിരോധത്തിലായിക്കഴിഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസ് വന്നപ്പോഴും സോണിയാഗാന്ധി പറഞ്ഞു, ആരെയും ഭയമില്ലെന്ന്. ഇപ്പോഴും പറയുന്നു. സോണിയാഗാന്ധിക്ക് നിയമ വ്യവസ്ഥകളെ ഭയമില്ലായിരിക്കാം. എന്നാല്‍ നമുക്ക് ഭരണഘടനയെയും ജനങ്ങളെയും ഭയമുണ്ട്. ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ കോഴ കൊടുത്തവര്‍ ഇറ്റലിയിലെ ജയിലിലാണ്. അപ്പോള്‍ കോഴ വാങ്ങിയവര്‍ വേറെ എവിടെപ്പോകാനാണ്, അമിത് ഷാ ചോദിച്ചു.
ഹെലിക്കോപ്റ്റര്‍ അഴിമതിയിലൂടെ ലഭിച്ച പണം ആര്‍ക്കൊക്കെ നല്‍കിയെന്നും ആരൊക്കെ നേട്ടങ്ങള്‍ പറ്റിയെന്നും ജനങ്ങളറിയണമെന്നും അമിത് ഷാ പറഞ്ഞു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയുമായുള്ള ഇടപാട് നിര്‍ത്തിവെച്ചെങ്കിലും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2014 സെപ്തംബറില്‍ മാത്രമാണ് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് ബിജെപി നേതാക്കള്‍ വിശദീകരിച്ചു.
ന്യൂദല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും.
അഭിഭാഷകനായ എം.എല്‍. ശര്‍മ്മ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച കോടതി കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. സോണിയാഗാന്ധിക്ക് പുറമേ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കെതിരെയും ഹര്ജിക്കാരന് പരാതിപ്പെട്ടിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ കമ്പനി എക്സിക്യൂട്ടീവിനെ ശിക്ഷിച്ചുകൊണ്ട് ഇറ്റാലിയന്‍ കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ സോണിയാഗാന്ധിയും മറ്റു നേതാക്കളും ഇടംപിടിച്ചിട്ടുണ്ടെന്ന കാര്യം ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: