ന്യൂദല്‍ഹി: മുന്‍വര്‍ഷത്തെ ഉള്‍പ്പെടെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി 936.91 കോടി രൂപ നീക്കിവെച്ചിട്ടുള്ളതായി കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
2015-16ല്‍ എല്ലാകേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകളുടെയും അനുമതിയും വിതരണവുമെല്ലാം ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ദേശീയസ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ ആരംഭിച്ചത്.
എന്നാല്‍ സെന്റര്‍ ഫോര്‍ ഗുഡ് ഗവേണന്‍സ് വികസിപ്പിച്ചെടുത്ത പോര്‍ട്ടലില്‍ ഉണ്ടായ ചിലസാങ്കേതിക തടസ്സങ്ങള്‍ മൂലവും മറ്റ്ചില ഭരണപരമായ പ്രശ്‌നങ്ങള്‍ മൂലവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 38.87 ലക്ഷം സ്‌കോളര്‍ഷിപ്പുകള്‍ മാത്രമേ വിതരണം ചെയ്യാന്‍ കഴിഞ്ഞുള്ളൂ. മുഴുവന്‍ സ്‌കോളര്‍ഷിപ്പുകളും നടപ്പുവര്‍ഷം വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
















