കൊല്‍ക്കത്ത: കോണ്‍ഗ്രസ്- സിപിഎം സഖ്യത്തെ കണക്കറ്റ് പരിഹസിച്ച് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. ഇരുവരും തമ്മിലുള്ള പ്രേമം ഏറെ വിചിത്രമാണെന്ന് പറഞ്ഞ ബിജെപി അദ്ധ്യക്ഷന്‍ ഇരു പാര്‍ട്ടികളുടെയും കാപട്യവും പാപ്പരത്തവും വിളിച്ചു പറഞ്ഞു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇവിടെ സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്ജിക്കും മറ്റു നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുന്നു, നാളെ കേരളത്തില്‍ പോയി എതിര്‍ത്തു പറയും. വിചിത്രമാണ് ഈ പ്രണയം. ഇവിടെ കോണ്‍ഗ്രസുകാര്‍ സിപിഎമ്മിന്റെ തോളില്‍ കൈയിടുന്നു. അമ്മയും മകനും മത്സരിച്ച് സിപിഎം വേദികളില്‍ പ്രസംഗിക്കുന്നു. കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷ സിപിഎം പ്രാദേശിക നേതാവിന് വോട്ടഭ്യര്‍ത്ഥിക്കുന്നു. ആ പാര്‍ട്ടിയുടെ ഗതികേടാണിത്.
അതേപോലെ, സിപിഎം നേതാക്കള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയേയും രാഹുലിനേയും സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കു കൊടുക്കാത്ത ബഹുമാനവും ആദരവും നല്കി സ്വീകരിക്കുന്നു. കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനമാണിത്. ഇവര്‍ രണ്ടുകൂട്ടരും കേരളത്തില്‍ നാളെ തമ്മില്‍ എതിര്‍ക്കുന്നതായി നടിയ്ക്കും. പരിഹാസ്യമാണിത്, അമിത് ഷാ തുടര്‍ന്നു.
പരസ്യമായി എതിര്‍ക്കുന്നുവെന്നു ഭാവിയ്ക്കുകയും പരസ്പരം ‘ഐ ലവ് യു’ പറയുകയും ചെയ്യുന്നതെങ്ങനെയാണെന്നും എന്തിനാണെന്നും ഷാ ചോദിച്ചു.
കേന്ദ്രത്തിന്റെ ജനക്ഷേമ പദ്ധതികള്‍ കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരുകള്‍ അവരുടേതാണെന്ന ഭാവത്തില്‍ പ്രചരിപ്പിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. ജന്‍ധന്‍ യോജന കേന്ദ്ര സര്‍ക്കാരിന്റേതാണ്. എന്നാല്‍ നേട്ടം പറയുമ്പോള്‍ കോണ്‍ഗ്രസുകാര്‍ അവരുടേതാക്കുന്നു. പാവങ്ങള്‍ക്കു രണ്ടുരൂപയ്ക്ക് അരി നല്കുന്ന പദ്ധതി കേന്ദ്ര സഹായം കൊണ്ടാണ്, അതു പക്ഷേ സംസ്ഥാനത്തിന്റേതെന്ന് അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: