തിരുവനന്തപുരം: ബംഗാളില്‍ പരസ്യമായും കേരളത്തില്‍ രഹസ്യമായുമുള്ള കോണ്‍ഗ്രസ്-സിപിഎം സഖ്യം വിശദീകരിക്കാന്‍ ആഭ്യന്തര മന്ത്രി വിഷമിക്കുന്നു.
ദേശീയതലത്തില്‍ ബിജെപിക്കെതിരെ സഖ്യം വേണമെന്നു പറഞ്ഞ ചെന്നിത്തല, കേരളത്തില്‍ ഇപ്പോള്‍ സഖ്യം വേണ്ട, ധാരണകള്‍ മതിയെന്ന് വിശദീകരിച്ചു. തിരുവനന്തപുരം പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് കക്ഷികള്‍ വിചാരിച്ചാല്‍ കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയെ ചെറുക്കാം.
അതുകൊണ്ട് കോണ്‍ഗ്രസ്-സിപിഎം സഖ്യം ഇപ്പോള്‍ കേരളത്തില്‍ വേണമെന്നില്ല. ദേശീയതലത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണക്കാര്‍ ഇടതുപക്ഷമായിരുന്നു, ചെന്നിത്തല വിശദീകരിച്ചു.
പിണറായി വിജയന് മുഖ്യമന്ത്രിയായാല്‍ കേരളത്തില്‍ സെല്ഭരണമാവും നടക്കുക. പശ്ചിമബംഗാളില്‍ കൊലപാതക രാഷ്ട്രീയത്തിന്റെയും അക്രമരാഷ്ട്രീയത്തിന്റെയും ശൈലി പിന്തുടര്ന്നതുമൂലമാണ് ഇന്ന് കോണ്‍ഗ്രസിന്റെ സഹായം തേടേണ്ടിവരുന്നത്.
ടി.പി.ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്കും ഫസല്‍ വധക്കേസിലെ പ്രതികള്‍ക്കും സംരക്ഷണം നല്കുന്ന രീതിയാണ് സിപിഎം ചെയ്യുന്നത്. ടിപി വധക്കേസിലെ പ്രതികളെ തള്ളിപ്പറയാന്‍ പിണറായി തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണം. അക്രമരാഷ്ട്രീയത്തിന്റെ സന്ദേശം നല്‍കുന്നത് എല്‍ഡിഎഫിന് തിരിച്ചടിയാകും.
ജയരാജന്റെ പ്രസംഗത്തില്‍ നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. സിപിഎം തെരഞ്ഞെടുപ്പില്‍ പണമൊഴുക്കുകയാണ്. എല്‍ഡിഎഫ് അഭിപ്രായവ്യത്യാസത്തിന്റെ നീര്‍ച്ചുഴിയിലാണ്. മതന്യൂനപക്ഷങ്ങളും മുസ്ലിം സമുദായവും എല്‍ഡിഎഫിനൊപ്പമാണെന്ന സര്‍വേഫലങ്ങള്‍ ശരിയല്ല, ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: