തിരുവനന്തപുരം: ഏത് കായിക ഇനമായാലും കായികതാരങ്ങള്‍ ശാരീരിക ക്ഷമത കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് മുന്‍ ഇന്ത്യന്‍ ലെഗ്‌സ്പിന്നര്‍ അനില്‍ കുംബ്ലെ. ഏറ്റവും മികച്ച ഉപദേശം കിട്ടുക, അത് പ്രാവര്‍ത്തികമാക്കുക എന്നതാണ് കായികജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനില്‍ കുംബ്ലെയുടെ നേതൃത്വത്തില്‍ കഴക്കൂട്ടത്തെ തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബില്‍ (കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം) ആരംഭിച്ച ടെന്‍വിക് അക്കാദമിയിലെ കുട്ടികളുമായും പരിശീലകരുമായും സംവദിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ഇന്നലെ രാവിലെ 11 മണിയോടെ ഗ്രീന്‍ ഫീല്‍ഡില്‍ എത്തിയ കുംബ്ലെ അക്കാദമിയിലെ കുട്ടികളുമായും അവരുടെ രക്ഷാകര്‍ത്താക്കളുമായും സംവദിച്ചു. കപില്‍ദേവുമായി ഡ്രെസിംഗ് റൂം പങ്ക് വച്ചത് തന്റെ ക്രിക്കറ്റ് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് കുംബ്ലെ പറഞ്ഞു. ഗുണ്ടപ്പ വിശ്വനാഥും സുനില്‍ ഗവാസ്‌കറുമൊക്കെയായിരുന്നു തന്റെ ആരാധ്യപുരുഷന്‍ മാരെന്നും കുട്ടികളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വളരെ മികച്ച സൗകര്യങ്ങളാണ് ഗ്രീന്‍ഫീല്‍ഡില്‍ ഒരുക്കിയിരിക്കുന്നത്. ഇവിടെ പരിശീലിക്കാന്‍ അവസരം ലഭിച്ച കുട്ടികള്‍ ഭാഗ്യവാന്മാരാണ്. കേരളം ഏറ്റവും മികച്ച കായിക സംസ്‌കാരമുള്ള സംസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്‌ട്ര ടേബിള്‍ ടെന്നീസ് താരമായ വസന്ത് ഭരദ്വാജും കുംബ്ലെയോടൊപ്പം ഉണ്ടായിരുന്നു. ഇടയ്‌ക്കിടെ ഗ്രീന്‍ഫീല്‍ഡില്‍ എത്തുമെന്നാണ് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നീ ഇനങ്ങളിലാണ് ഇപ്പോള്‍ ടെന്‍വിക്കില്‍ പരിശീലനം ആരംഭിച്ചിട്ടുള്ളത്. ഏഴ് മുതല്‍ 18 വരെ പ്രായമുള്ള 140 പേരാണ് അക്കാദമിയിലുള്ളത്. ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, ടെന്നീസ്, ടേബിള്‍ ടെന്നീസ്, വോളീബാള്‍, സ്‌ക്വാഷ്, നീന്തല്‍ എന്നിവയിലും ടെന്‍വിക് പരിശീലനം ആരംഭിക്കുന്നുണ്ട്.ജൂണ്‍ ആദ്യവാരത്തോടെയാവും ആരംഭിക്കുക. കെഎസ്എഫ്എല്‍ ടെന്‍വിക് സ്‌പോര്‍ട്‌സ് കോച്ചിങ് അക്കാദമി എന്നാണ് പരിശീലന കേന്ദ്രത്തിന്റെ പേര്. ദേശീയ ഗെയിംസിനായി നിര്‍മിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കുംബ്ലെയുടെ അക്കാദമി പരീശീലന കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ദീര്‍ഘകാല പരിശീലനത്തിലൂടെ മികച്ച കായിക താരങ്ങളെ വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.
















