ഹൈദരാബാദ്: മഴ ഇടംങ്കോലിട്ട ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പൂനെ സൂപ്പര്‍ജയന്റ്‌സിന് ജയം ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 34 റണ്ണിനാണ് പൂനെ ജയിച്ചത്. നാലോവറില്‍ 23 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത അശോക് ദിന്‍ഡയുടെ പ്രകടനം പൂനെയ്‌ക്ക് തുണയായി. സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 118/8 (20), റൈസിങ് പൂനെ സൂപ്പര്‍ജയന്റസ് 11 ഓവറില്‍ മൂന്നു വിക്കറ്റിന് 94.
മഴ മൂലം ഒരു മണിക്കൂറിലധികം വൈകിത്തുടങ്ങിയ കളിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ശിഖര്‍ ധവാന്റെ അര്‍ധശതകത്തിന്റെ ബലത്തിലാണ് 118ലെത്തിയത്. 53 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും സഹിതം പുറത്താകാതെ 56 റണ്‍സെടുത്തു ശിഖര്‍. ഭുവനേശ്വര്‍ കുമാര്‍ (21), നമന്‍ ഓജ (18) എന്നിവരും പിന്തുണ നല്‍കി.
എട്ടു പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സറും സഹിതം 21 റണ്‍സെടുത്ത ഭുവനേശ്വറാണ് ഹൈദരാബാദ് സ്‌കോര്‍ 100 കടത്തിയത്. ദിന്‍ഡയ്‌ക്കു പുറമെ മിച്ചല്‍ മാര്‍ഷ് രണ്ടും തിസര പെരേര, ആര്‍. അശ്വിന്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
സ്റ്റീവന്‍ സ്മിത്തിന്റെയും (46 നോട്ടൗട്ട്), ഹാഫെ ഡ്യുപ്ലെസിസിന്റെയും (30) കരുത്തില്‍ പൂനെ 11 ഓവറില്‍ മൂന്നു വിക്കറ്റിന് 94 റണ്‍സെടുത്തു നില്‍ക്കെ വീണ്ടും മഴയെത്തി. ഇതോടെയാണ് ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ നിശ്ചയിച്ചത്. 11 ഓവറില്‍ 61 റണ്‍സ് മതിയായിരുന്നു ജയത്തിന്. പൂനെ നേടിയതാകട്ടെ വേണ്ടതിനേക്കാള്‍ 34 റണ്‍സ് കൂടുതല്‍. 36 പന്തില്‍ ഏഴു ഫോറുകള്‍ സ്മിത്തിന്റെ ബാറ്റില്‍നിന്നുതിര്‍ന്നപ്പോള്‍, 21 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും ഡ്യുപ്ലെസിസും നേടി.
















