ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യ സെമിയുടെ ആദ്യപാദം ഗോള്‍രഹിത സമനിലയില്‍. പത്തുവട്ടം ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ ആദ്യമായി സെമിയലിടം കണ്ട പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റി തളച്ചു. എവേ മത്സരത്തിലെ സമനില മെയ് നാലിന് സാന്റിയാഗോ ബെര്‍ണാബുവിലെ രണ്ടാംപാദത്തില്‍ റയലിന് മുന്‍തൂക്കം നല്‍കും.
മാഞ്ചസ്റ്ററിലെ എത്തിഹാദില്‍ സിറ്റി പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല.
തുടയ്ക്കു പരിക്കറ്റേ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ കളിക്കാതിരുന്നത് റയലിനും തിരിച്ചടിയായി. മത്സരത്തിന്റെ അന്ത്യഘട്ടങ്ങളില്‍ എതിര് ഗോള്‍മുഖത്തേക്ക് നിരന്തരം മുന്നേറിയെങ്കിലും ഗരത് ബെയ്ലിനും കരിം ബെന്സമയ്ക്കും ജെയിംസ് റോഡ്രിഗസിനുമൊന്നും ഗോളിലേക്കു വഴിതുറക്കാനുമായില്ല.
എന്നാല്‍, വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു റയലിന്.
ആദ്യ പകുതിയില്‍ എതിരാളികളെ കാര്യമായി പരീക്ഷിക്കാന്‍ മുതിര്‍ന്നില്ല ടീമുകള്‍. ഇതോടെ ഗോള്‍മുഖത്തേക്കുള്ള നീക്കവും കുറഞ്ഞു. കളി വിരസവുമായി. ഇടവേളയ്ക്കു ശേഷം തന്ത്രം മാറ്റി. ഇരു ടീമുകളും ആക്രമണ സ്വഭാവം പുറത്തെടുത്തതോടെ പന്ത് രണ്ടു ഭാഗത്തേക്കും കയറിയിറങ്ങി. കളി പുരോഗമിക്കുന്തോറും സിറ്റി ഗോള്‍ മുഖത്തേക്ക് റയല്‍ താരങ്ങള്‍ ഇരമ്പിയാര്‍ത്തു.
എന്നാല്‍, ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടിന്റെ തകര്‍പ്പന്‍ സേവുകള്‍ ഗോള്‍ നേടുന്നതിനു തടസം. അവസാന മിനിറ്റില്‍ മൂന്നു വാര അകെല നിന്നു പെപ്പെ തൊടുത്ത ഷോട്ട് ഹാര്‍ട്ട് നിഷ്പ്രഭമാക്കി. അതിനും മുന്‍പ് ബെയ്ല്, ബെന്‍സമ, റോഡ്രിഗസ് തുടങ്ങിയവരുടെ ഗോളവസരങ്ങളും ഇംഗ്ലീഷ് ഗോളി തട്ടിയകറ്റി.
ഇതിനിടെ അഗ്വെയ്റൊയും കെവിന് ഡി ബ്യൂണെയും റയല്‍ ഗോള്‍മുഖത്തും റെയ്ഡ് നടത്തി. അവിടെ കെയ്ലര് നവാസ് എതിരാളികള്‍ക്കു വിലങ്ങുതടി. അവസാന നിമിഷം ഫൗളിന് ലഭിച്ച ഫ്രീ കിക്ക് പെനല്‍റ്റി ഏരിയയ്ക്കു അരികില്‍നിന്ന് കെവിന് പോസ്റ്റിലേക്ക് തൊടുത്തെങ്കിലും നവാസ് തട്ടിയകറ്റിയതോടെ ഗോള്‍വരള്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: