‘എനിക്ക് എന്റെ മകനോടൊപ്പം ഓണമുണ്ണാനുള്ള ഒരവസരം തരണം..’ പി. ജയരാജന്റെ തട്ടകമായ കിഴക്കേ കതിരൂരിലെ ആര്‍എസ്എസ് പ്രവര്ത്തകന് പ്രശാന്തിന്റെ അമ്മയുടെ ജയരാജനോടുള്ള അപേക്ഷയായിരുന്നു ഇത്. ആര്‍എസ്എസ് പ്രവര്‍ത്തകനായത് കൊണ്ട് മാത്രം സ്വന്തം വീട്ടിലേക്ക് പോകാന്‍ സാധിക്കാതെ മറ്റൊരു ഗ്രാമത്തില്‍ പ്രവാസിയായി കഴിയുന്ന കതിരൂരിലെ പ്രശാന്തിന്റെ എത്രയോ വര്‍ഷമായുള്ള ആഗ്രഹമാണ് തന്റെ വീട്ടില്‍ പോയി അമ്മയോടൊപ്പം ഓണമുണ്ണുകയെന്നത്.
പ്രശാന്തിന്റെ അമ്മ ജയരാജന്റെ കാല്ക്കല് വീണ് കരഞ്ഞപേക്ഷിച്ചിട്ടും ആര്‍എസ്എസുകാര്‍ ഓണമുണ്ണേണ്ടെന്ന് പറഞ്ഞ് ആ അമ്മയെ പുറംകാല്‍കൊണ്ട് തട്ടി മടക്കുകയായിരുന്നു. ഓരോ തിരുവോണമെത്തുമ്പോഴും തന്റെ മകന്റെ അസാന്നിധ്യം ആ അമ്മയുടെ കണ്ണ് നിറയ്ക്കുമായിരുന്നു. സിപിഎം വിട്ട് ആര്‍എസ്എസ് ആയതിന് ജയരാജന് പ്രശാന്തിന് ഊരുവിലക്കേര്പ്പെടുത്തിയിരുന്നു. സ്വന്തം വീട്ടിലെത്തിയാല്‍ ജീവന് ഭീഷണിയാണെന്ന് ബോധ്യമുണ്ടായിരുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് വര്‍ഷങ്ങളായി. തീരാവേദനയുമായി പ്രശാന്തിന്റെ അമ്മ ഇപ്പോഴും ഇവിടെയുണ്ട്.
തലശ്ശേരിയ്ക്കടുത്ത കിഴക്കേ കതിരൂര്‍ ഒരു കാലത്ത് സിപിഎമ്മിന്റെ ഉരുക്ക് കോട്ടയായിരുന്നു. താനറിയാതെ പ്രദേശത്ത് കൂടി ഒരു ഈച്ചപോലും പറക്കരുതെന്ന ജയരാജന്റെ തിട്ടൂരം നിലനില്‍ക്കുന്ന കിഴക്കേ കതിരൂരില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം സജീവമായതാണ് സിപിഎം കൊലക്കത്തി ഉയരാന്‍ കാരണമായത്. ആര്‍എസ്എസ് ആയി എന്ന ഒറ്റക്കാരണത്താല്‍ പ്രവാസ ജീവിതം നയിക്കേണ്ടിവന്ന നിരവധി കുടുംബങ്ങള്‍ കിഴക്കേ കതിരൂരിലുണ്ട്. ബിജെപി കതിരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനില്‍കുമാറിന്റെ വീട് പൂര്‍ണ്ണമായും അടിച്ച് തകര്‍ത്ത് കുടുംബത്തെ തന്നെ പ്രദേശത്ത് നിന്നും അടിച്ചോടിച്ചു. കലിതീരാത്ത സിപിഎം സംഘം വീടിന്റെ പടിഞ്ഞാറ്റയില്‍ തെങ്ങ് വെച്ചാണ് പ്രതികാരം തീര്‍ത്തത്.
അനില്‍ കുമാറിനും കുടുംബത്തിനും ഇപ്പോഴും ഇവിടെ പോകാന്‍ സാധിക്കാറില്ല. പ്രദേശത്തെ ആര്‍എസ്എസ് കാര്യലയം സിപിഎമ്മുകാര്‍ പൂര്‍ണ്ണമായും തകര്‍ത്തിട്ട് വര്‍ഷങ്ങളായി. കാര്യാലയം പുനര്‍നിര്‍മിക്കാനോ സംഘപ്രവര്‍ത്തകരെ അവിടെ പ്രവേശിക്കാനോ സിപിഎം സംഘം അനുവദിച്ചില്ല. തന്റെ പ്രദേശത്ത് സിപിഎം ഇതര സംഘടനകളുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന പി. ജയരാജന്റെ ധാര്‍ഷ്ട്യമാണ് കതിരൂരിലെ മനഃസാക്ഷി മരവിച്ച് പോകുന്ന അക്രമത്തിന് കാരണം.
അക്രമങ്ങളെ തിരശ്ശീലക്ക് പിന്നില്‍നിന്ന് നിയന്ത്രിച്ച ജയരാജന്റെ യഥാര്‍ത്ഥം മുഖം പുറംലോകമറിഞ്ഞത് 1994 ല്‍ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹ് പി.പി. മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായതോടെയാണ്. അവനെ വെട്ടിക്കൊല്ലടാ എന്ന ജയരാജന്റെ അലര്‍ച്ച കൂത്തുപറമ്പ് നിവാസികള്‍ ഇപ്പോഴും മറന്നിട്ടില്ല. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സൗമ്യസ്വഭാവിയായ മോഹനനെ എന്തിനാണ് പകല്‍വെളിച്ചത്തില്‍ ജയരാജനും സംഘവും വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രദേശത്തെ സിപിഎമ്മുകാര്ക്ക്പോലും ഇന്നും അജ്ഞാതമാണ്.
ഒരു കുടുംബത്തിന്റെ അത്താണിയും അതോടൊപ്പം കര്‍മ്മധീരനായ സ്വയംസേവകനേയുമാണ് മോഹനന്റെ ബലിദാനത്തിനലൂടെ നഷ്ടമായത്. തുടര്‍ന്ന് നടന്ന നിരവധി കൊലപാതകക്കേസുകളില്‍ ജയരാജന് സംശയത്തിന്റെ നിഴലിലായിരുന്നെങ്കിലും ഭരണസ്വാധീനമുപയോഗിച്ച് കേസുകളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ കേരളം ഏറെ ചര്‍ച്ചചെയ്ത അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നടന്ന പഴുതടച്ച അന്വേഷണമാണ് ജയരാജനെന്ന കൊലയാളിയെ കുടുക്കിയത്. സമാനതകളില്ലാത്ത കൊലപാതകമെന്ന ആലങ്കാരികഭാഷയെ പോലും അപ്രസക്തമാക്കുന്ന കൊലയായിരുന്നു ഷുക്കൂറിന്റേത്. കേവലം സംശയത്തിന്റെ പേരില്‍ ജയരാജന്റെ നിര്‍ദ്ദേശപ്രകാരം നടന്ന മൃഗീയമായ കൊലപാതകം. തളിപ്പറമ്പ് സന്ദര്‍ശിച്ച സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം അക്രമിക്കാന്‍ ശ്രമിച്ച് സമീപത്തുകൂടി ഓടിപ്പോയത് ഷുക്കൂറാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം നടന്നത്.
അഭയം തേടിയ വീട്ടില്‍ നിന്ന് പിടിച്ചിറക്കി നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെ മണിക്കൂറുകളോളം വയലില്‍ തടഞ്ഞ് നിര്‍ത്തി പരസ്യ വിചാരണചെയ്ത് ഷുക്കൂറിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ് ഭീകരര്‍പോലും നാണിച്ച് പോകുന്ന തരത്തില്‍ പകല്‍വെളിച്ചത്തില്‍ നടത്തിയ കൊലപാതകം. മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തി ദാഹിച്ച് വലഞ്ഞ തന്റെ മകനെ ഒരിറ്റ് ദാഹജലം പോലും നല്‍കാതെയാണ് കൊലപ്പെടുത്തിയതെന്ന ഷുക്കൂറിന്റെ ഉമ്മ ആത്തിക്കയുടെ വിലാപം ഏത് കഠിന ഹൃദയന്റെയും കരളലിയിക്കുന്നതാണ്. സംഭവ ദിവസം തളിപ്പറമ്പിലെ ഒരു സഹകരണ ആശുപത്രിയിലെ 350-ാം നമ്പര്‍ മുറിയില്‍ ജയരാജനെ അഡ്മിറ്റ് ചെയ്തിരുന്നു. ഇവിടെ വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയെന്നാണ് കേസ്.
ജയരാജനുള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ പ്രതിയായ കേസില്‍ ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസാണ് ജയരാജന് പ്രതിയായ മൂന്നാമത്തെ കൊലക്കേസ്. ജയരാജന്റെ സാമ്രാജ്യമായ കിഴക്കേ കരിരൂരില്‍ നിന്ന് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തോട് വിടപറഞ്ഞ് സംഘപ്രവര്‍ത്തനത്തില്‍ സജീവമായതാണ് കൊലപാകത്തിന് കാരണം. നിരവധി തവണ മനോജിനെ കൊലപ്പെടുത്താന്‍ ജയരാജനും സംഘവും ശ്രമിച്ചിരുന്നു. സ്വന്തം വീട്ടില്‍ പോകാന്‍ ജയരാജന്റെ വിലക്കുള്ളതിനാല്‍ മറ്റൊരു പ്രദേശത്തായിരുന്നു മനോജ് താമസിച്ചിരുന്നത്. മനോജിന്റെ നീക്കങ്ങള്‍ നിരന്തരമായി നിരീക്ഷിച്ച് കൊലക്കത്തിയുമായി കാത്തിരുന്ന സിപിഎം ക്രിമിനല്‍ സംഘം 2014 സപ്തംബര്‍ ഒന്നിന് രാവിലെ അദ്ദേഹത്തെ ബോംബെറിഞ്ഞ് പരിക്കേല്പിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മനഃസാക്ഷി മരവിച്ച കൊലക്ക് നേതൃത്വം നല്‍കിയത് പി. ജയരാജന്റെ സന്തതസഹചാരി വിക്രമന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ജയരാജനുള്‍പ്പടെയുള്ള കൊലയാളികള്‍ ഇപ്പോള്‍ പ്രതിചേര്‍ക്കപ്പെട്ട് ഇരുമ്പഴിക്കുള്ളിലായിക്കഴിഞ്ഞു.
സിപിഎം വിട്ട് പുറത്ത് പോകുന്നവര്‍ ആരായാലും കുലംകുത്തികളെന്ന് പേരിട്ട് ഉന്മൂലനം ചെയ്യുക എന്നതാണ് പി. ജയരാജന്റെ രീതി. പാര്‍ട്ടി വിട്ട് പോയാല്‍ ഇതായിരിക്കും ഗതിയെന്ന് പാര്‍ട്ടിക്കകത്തുള്ളവരെയും ബോധ്യപ്പെടുത്തലാണ് ഓരോ കൊലപാതകത്തിന് പിന്നിലും. പാര്‍ട്ടി വിടുന്നവരെ ആദ്യം നാട്ടില്‍ നിന്ന് ഭ്രഷ്ട് കല്പിച്ച് പുറത്താക്കും. പിന്നീട് വ്യക്തിഹത്യനടത്തി തേജോവധം ചെയത് വെട്ടിക്കൊലപ്പെടുത്തും. ഇതാണ് പാര്‍ട്ടി രീതി. ടി.പി. ചന്ദ്രശേഖരന് വധവും മനോജ് വധവുമെല്ലാം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പാര്‍ട്ടി വിട്ട് പോകുന്നവര്‍ക്ക് കൃത്യമായ സന്ദശം നല്‍കുന്നതിനാണ്.
യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധമുള്പ്പടെയുള്ള കൊലക്കേസുകളില്‍ തുടരന്വേഷണം നടത്തിയാല്‍ ജയരാജനുള്പ്പടെയുള്ളവരുടെ പങ്ക് പുറത്ത് വരും. മനോജ് വധക്കേസില്‍ പ്രതിചേര്‍ത്ത് ജയിലിലടക്കപ്പെട്ട പി.ജയരാജന് സിബിഐ ചോദ്യം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറിയത് കൂടുതല്‍ രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയംകൊണ്ടാണ്. ടി.പി. വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഏറെക്കുറെ തീരുമാനമായി കഴിഞ്ഞു. ജയരാജന്റെ ഒത്താശയോടെ ജില്ലക്കകത്തും പുറത്തും നിരവധി അക്രമങ്ങളും കൊലപാതക പരമ്പരകളും അരങ്ങേറിയിട്ടുണ്ട്. നിയമത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച് പരമാവധി ശിക്ഷ കൊലയളികള്‍ക്ക് ലഭിക്കണമെന്നാണ് കൊലക്കത്തിയ്ക്കിരയായവരുടെ കുടുംബാംഗങ്ങളുടെ ആവശ്യം. പി. ജയരാജന്റെ നേതൃത്വത്തില്‍ നടന്ന കൊലപാതക പരമ്പരകള്‍ക്ക് എന്നും പച്ചക്കൊടി വീശിയത് മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു.
ആര്‍എസ്എസ് പ്രവര്ത്തകന് വാടിക്കല്‍ രാമകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയതടക്കമുള്ള അക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ പിണറായിയെ കുറിച്ച് നാളെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: