കൊച്ചി: തൃപ്പൂണിത്തുറയില്‍ പിണങ്ങിനില്ക്കുന്ന സിപിഎമ്മിലെ വിഎസ് പക്ഷത്തെ അനുനയിപ്പിക്കാനുള്ള നീക്കം പരാജയം. പാര്‍ട്ടിസ്ഥാനാര്‍ത്ഥി എം. സ്വരാജിന്റെ പ്രചാരണത്തിലെ മാന്ദ്യം വാര്‍ത്തയായതോടെ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. രാജീവ് മുന്‍കൈ എടുത്താണ് അനുരഞ്ജന യോഗം വിളിച്ചത്. എന്നാല്‍ ഫലം കണ്ടില്ല.
വിഎസ് നേരിട്ടുവന്ന് ബോധിപ്പിച്ചിട്ടും വിമതരുടെ മനസ് മാറിയിട്ടില്ല. കഴിഞ്ഞ ദിവസം ഉദയംപേരൂരിലാണ് യോഗം ചേര്‍ന്നത്. വിഎസ് പക്ഷം നേതാവ് മുന്‍ ഉദയംപേരൂര്‍ ലോക്കല്‍ സെക്രട്ടറി രഘുവരന്റെ നേതൃത്വത്തില്‍ അഞ്ഞൂറോളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്.
സ്വരാജിന് വേണ്ടി രംഗത്തിറങ്ങാനുള്ള ജില്ലാ സെക്രട്ടറിയുടെ ആഹ്വാനം യോഗത്തില്‍ എത്തിയവര്‍ ചെവിക്കൊള്ളാന്‍ തയ്യാറായില്ല. വിഎസ് പക്ഷത്തെ പ്രമുഖ നേതാക്കള്‍ക്ക് പാര്‍ട്ടി സ്ഥാനങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍ മുന്‍ നിലപാടില്‍ നിന്നും വ്യതിചലിക്കാന്‍ വിഎസ് പക്ഷം തയ്യാറായില്ല.
വിഎസ് പക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. ബാര്‍ കോഴയില്‍ ഉള്‍പ്പെട്ട മന്ത്രി കെ. ബാബു മത്സരിക്കുന്ന മണ്ഡലം എന്ന നിലയില്‍ തൃപ്പൂണിത്തുറ സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ തുടക്കത്തില്‍ത്തന്നെ തൃപ്പൂണിത്തുറയില്‍ സിപിഎമ്മിന് പ്രതിസന്ധി ആയിരുന്നു.
ജില്ലാ സെക്രട്ടറി പി.രാജീവിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് അംഗീകരിച്ചില്ല. പിന്നീട് സി.എം. ദിനേശ് മണിയുടെ പേരായിരുന്നു ഉയര്ന്നുവന്നത.് അവസാന നിമിഷം ദിനേശ് മണി സ്വയം പിന്മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവ് എം. സ്വരാജിനെ സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
വി.എസ്. അച്യുതാനന്ദന് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് വേണമെന്ന് പറഞ്ഞ സ്വരാജിന് മണ്ഡലത്തില്‍ തണുപ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ നേതൃത്വം വിഎസ് പക്ഷത്തെ അനുനയിപ്പിക്കാന്‍ രംഗത്ത് ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: