മാറ്റമുണ്ടാവണം… കോളനിയിലെ കൂരയില്‍ സ്ഥാനാര്‍ത്ഥി വി. വി. രാജനെത്തിയപ്പോള്‍ മുദിയറ തന്റെ ദുരിതങ്ങള്‍ വിവരിക്കുന്നു

കോളനിയിലെ പര്യടനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി വി.വി. രാജനും സഹപ്രവര്‍ത്തകരും മടങ്ങുന്നു. പിന്നില്‍ പണിപൂര്‍ത്തിയാകാത്ത കോളനിയിലെ ഇഎംഎസ് ഭവനപദ്ധതിപ്രകാരമുള്ള വീട്
കോഴിക്കോട്: പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേഞ്ഞ ഒറ്റമുറി കൂരകള്‍, പാതിയില്‍ പണി നിന്നുപോയ ഒറ്റ നില കോണ്‍ക്രീറ്റ് വീടുകളുടെ കല്‍ത്തൂണുകള്‍, ചിലത് അടിത്തറ മാത്രമായവശേഷിക്കുന്നവ, കാക്കൂര്‍ പഞ്ചായത്തിലെ കോപ്പറ്റ നാലു സെന്റ് കോളനിയിലെ കാഴ്ചകള്‍. സ്വച്ഛഭാരതത്തിന് വേണ്ടി നാടെങ്ങും പ്രയത്‌നം നടക്കുമ്പോള്‍ ഇവിടെ കക്കൂസുകള്‍ ഇല്ല, ഉള്ളവയ്‌ക്ക് മറയില്ല; കുളിമുറികളില്ല, അഴുക്കുവെള്ളം പരന്നൊഴുകുന്നു. കോളനിയില്‍ പണിത കിണറിന്റെ ആഴങ്ങളില്‍ വെള്ളമുണ്ട്. എന്നാല്‍ ഉപയോഗയോഗ്യമല്ല. കിണര്‍ പൊട്ടിത്തകര്‍ന്ന നിലയിലാണ്. കോളനിക്കാര്‍ തന്നെ മുന്‍കൈയെടുത്ത് പൈപ്പ് സ്ഥാപിച്ച് വെള്ളമെത്തിക്കുന്നുണ്ട്. കോളനിയിലെ ടിവി മുറി തകര്‍ന്ന നിലയിലാണ്. അഞ്ചുവര്‍ഷമായി അവഗണനയുടെ സ്മാരകമെന്നോണം നാലു സെന്റ് കോളനിയിക്ക് നടുവില്‍ അത് വികസനത്തിന്റെ ചൂണ്ടുപലകയായി നില്‍ക്കുന്നു. ഇഎംഎസ് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം പഞ്ചായത്തില്‍ ആദ്യമായി ആരംഭിച്ച ഭവനനിര്‍മ്മാ ണമാണ് കോപ്പറ്റ നാലുസെന്റ് കോളനിയിലേത്.
”ഇത് ഇവിടെമാത്രമുള്ള കാഴ്ചയല്ല, മണ്ഡലത്തിലെ ഏതാണ്ടെല്ലാ കോളനികളിലും ഇതേ അവസ്ഥയാണ്. ഇതിനെക്കാള്‍ ദുരിതപൂര്‍ണ്ണമാണ് മറ്റുചില കോളനികള്‍. പ്ലാസ്റ്റിക് മേല്‍ക്കൂരകള്‍ പോലുമില്ലാത്ത കൂരകളുണ്ട് ചിലയിടങ്ങളില്‍. കക്കോടിയിലെ എടോളിമീത്തല്‍ കോളനിയിലെ അവസ്ഥ പ ര മ ദയനീയമാണ്. പട്ടികജാതി, പിന്നാക്ക വിഭാഗത്തെ വികസനത്തിന്റെ നാലയലത്ത് പോലുമെത്തിക്കാത്ത മുന്നണി ഭരണത്തിന്റെ സ്മാരകങ്ങളാണിവ” എലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിജെപി ഉത്തരമേഖലാ പ്രസിഡന്റുമായ വി.വി. രാജന്‍ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഗൃഹസന്ദര്‍ശനത്തിലാണ് വി.വി. രാജന്‍. ഓരോ ദിവസത്തെയും പര്യടനത്തിന് തുടക്കം ആ പഞ്ചായത്തുകളിലെ പിന്നാക്ക കോളനികള്‍ സന്ദര്‍ശിച്ചുകൊണ്ടാണ്. ഇരുമുന്നണികളും അവകാശപ്പെടുന്ന വികസനം എവിടെയാണെന്ന് ചോദ്യമാണ് രാജന്‍ താന്‍ കണ്ട നേര്‍കാഴ്ചകളില്‍ നിന്ന് നാടു ഭരിക്കുന്നവരോട് ചോദിക്കുന്നത്. കോണ്‍ഗ്രസ് ആണ് കാക്കൂര്‍ പഞ്ചായത്ത് ഭരിക്കുന്നത്. നേരത്തെ ഇടതു മുന്നണിയായിരുന്നു. പുതുതായി രൂപം കൊണ്ട എലത്തൂര്‍ മണ്ഡലത്തില്‍ വിജയിച്ചത് ഇടതു സ്ഥാനാര്‍ത്ഥി. എന്നിട്ടൊന്നും ഈ മണ്ഡലത്തിലെ ദരിദ്രനാ രായണന്മാര്‍ക്ക് മോചനമില്ല.
അടച്ചുറപ്പില്ലാത്ത വീടുകളാണെല്ലാം. കോപ്പറ്റ കോളനിയിലെ 73 കാരിയായ മുദിയറക്ക് രോഗങ്ങളേറെയാണ്. തന്റെ മകനോടൊപ്പം കോളനിയിലെ കൂരയില്‍ കഴിയുമ്പോള്‍ രോഗം മുര്‍ച്ഛിച്ചാല്‍ മകന്റെ ബുദ്ധിമുട്ടോര്‍ത്ത് വിഷമിക്കുകയാണവര്‍. രോഗം കൂടിയാല്‍ ആശുപത്രിയിലെത്തിക്കാന്‍ ഒരു വാഹനം പോലും കോളനിയിലെത്തില്ല. കോളനിയിലേക്ക് റോഡുവേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നാലുസെന്റ് കോളനിക്കാരുടെ ആവശ്യത്തിന് ആര് കാതോര്‍ക്കാന്‍.പതിനൊന്നാം വാര്‍ഡില്‍ ഇത്തവണ ജയിച്ചത് ഇടതുപക്ഷമാണ്. എന്നാല്‍ കോളനിക്കാര്‍ മാറി ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. തങ്ങള്‍ക്ക് മാറ്റം വേണമെങ്കില്‍ തങ്ങളും മാറി ചിന്തിക്കേണ്ടിവരുമെന്ന് അവരുറപ്പിച്ചിരിക്കുകയാണ്. കോപ്പറ്റ കോളനിയില്‍ നിന്ന് കൃഷ്ണനും ഭാര്യ ദേവിക്കും പറയാനുള്ളത് കോളനിയിലെ ദുരിത കഥകള്‍ തന്നെയാണ്.
”കോളനിക്കാരുടെ അടിയന്തര അടിസ്ഥാനാവശ്യങ്ങള്‍ പരിഹരിച്ചേ മതിയാവൂ”. ദേശീയ തലത്തില്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വികസന പദ്ധതികള്‍ വിവരിച്ചുകൊണ്ട് രാജന്‍ കോളനി നിവാസികളോട് പറഞ്ഞു. സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടത് ഇത്തരം സ്ഥലങ്ങളിലേക്കാണ്. ഇതിനാവശ്യമായ പണം അനുവദിക്കുന്നുണ്ട്. പക്ഷെ അത് ഇവിടെ എത്തുന്നില്ല. ഇതിന് മാറ്റം വരണമെങ്കില്‍ ബിജെപിയെ വിജയിപ്പിക്കണം. രാജന്റെ വാക്കുകള്‍ കോളനിക്കാരുടെ മുഖത്ത് പുതിയ വെളിച്ചം പകരുന്നു. സ്ഥാനാര്‍ ത്ഥിയെ ചിരപരിചിതനെപ്പോലെ വീട്ടിലേക്ക് വിളിച്ചിരുത്തി ചായസല്‍ക്കാരം നടത്തുന്നു. നാട്ടുകാരുടെ വേദനയറിയുന്ന ഒരു രാഷ്‌ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് എലത്തൂര്‍കാര്‍ക്ക് ഇപ്പോള്‍ വി.വി. രാജന്‍. ഇനി അടുത്ത കോളനിയിലേക്ക്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം തിരക്കൊഴിയാത്ത നേതാവ് അടുത്ത സ്ഥലത്തേക്ക്. കൂടെ കര്‍മ്മ നിരതരായ സഹപ്രവര്‍ത്തകര്‍; ബിജെപിയുടെമണ്ഡലം നേതാക്കളായ കെ.. ശശീന്ദ്രന്‍, എം. ഇ. ഗംഗാധരന്‍, കെ. പി. ചന്ദ്രന്‍, കെ. സുഗതകുമാര്‍, കെ. പി. സുധാകരന്‍. പിസിപാലം കണ്ടോത്ത്പാറ, തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം കാക്കൂരിലെ റോഡ് ഷോയും തുടര്‍ന്ന് സുപ്രധാന യോഗങ്ങളും. എലത്തൂരിന്റെ കാറ്റ് മാറി വീശുകയാണ് ഈ നേതാവിന്റെ വരവോടെ.
















