കോഴിക്കോട്: ആശുപത്രികള്‍ കേന്ദ്രീകരിച്ച് രോഗികളുടെയും കൂടെയുള്ള കുട്ടികളുടെയും മറ്റും കഴുത്തില്‍ നിന്ന് തക്കം പാര്‍ത്ത് മാലകള്‍ പൊട്ടിച്ച് മോഷണം നടത്തുന്ന നാലംഗ സംഘം അറസ്റ്റില്‍. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് സംഘത്തെ പിടികൂടിയത്. കോഴിക്കോട് സിറ്റി അസിസ്റ്റന്റ് സിഐ അഷറഫിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്. തക്കംപാര്‍ത്തുനിന്ന് മാല പൊട്ടിച്ച് ഓട്ടോയില്‍ കയറി ട്രെയിനില്‍ രക്ഷപ്പെടുന്നതാണ് മോഷ്ടാക്കളുടെ രീതി. തലശ്ശേരി കായ്യത്ത് റോഡ് സ്വദേശിയായ റഫീഖ് (49), ഉമ്മ കുഞ്ഞാമി (62), ഭാര്യ സാജിത (40), സഹോദരഭാര്യ റസില (40) എന്നിവരെയാണ് സിഐ ജലീല്‍ തോട്ടത്തില്‍, എസ്‌ഐ എ ഹബീബുള്ള, കെ. അയ്യപ്പന്‍ എന്നിവരുടെ നേതൃത്വത്തിലെ പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 24 ന് സംഘം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഗരത്തിലെ പ്രമുഖ അഭിഭാഷകയുടെ മകളുടെ മാല കവര്‍ന്നിരുന്നു. സിസി ടി വി ദൃശ്യങ്ങളിലൂടെ കവര്‍ച്ച കാണാന്‍ സാധിച്ചിരുന്നുവെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ഓട്ടോ കണ്ടെത്തി. ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തിരുന്നു. കൂടാതെ ട്രെയിനില്‍ കയറി രക്ഷപ്പെട്ട സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. അന്നുമുതല്‍ നഗരത്തിലെ എല്ലാ ആശുപത്രികളും പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ 25 ന് പ്രതികള്‍ 3 വയസ്സുള്ള മലപ്പുറം സ്വദേശിയായ ഒരു പെണ്‍കുട്ടിയുടെ മാല പൊട്ടിച്ചെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ വച്ച് ബാഗില്‍ നിന്ന് പൊട്ടിയ മാല സഹിതം പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. എഎസ്‌ഐ മോഹന്‍ദാസ്, പ്രകാശന്‍, സജീവന്‍, ബൈജു, സജിത, പ്രസീത എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി.
















