കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാതി, മതം, തൊഴില്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രകോപനപരമായ തരത്തിലുളള വാക്കുകളോ പ്രവൃത്തികളോ ഉണ്ടാകാന്‍ പാടില്ലെന്ന് പെരുമാറ്റചട്ടം. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച് വിമര്‍ശനം നടത്തുമ്പോള്‍ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വ്വകാല ചരിത്രത്തിലും മാത്രമായി ഒതുക്കി നിര്‍ത്തണം. മറ്റു പാര്‍ട്ടികളുടെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെപ്പറ്റി വിമര്‍ശിക്കരുത്. ഇത്തരം വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനും പാടില്ല. എതിര്‍പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളുടെയോ പ്രതിനിധികളുടെയോ വീടുകള്‍ ഉപരോധിക്കാനോ അവരെ തടസ്സപ്പെടുത്താനോ പാടില്ല. തെരഞ്ഞെടുപ്പു സമയത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത്സരിക്കാന്‍ അവകാശമുണ്ട്. ആയതിനാല്‍ ഏതെങ്കിലും പാര്‍ട്ടികളെ അവഹേളിക്കുന്ന തരത്തിലുളള പെരുമാറ്റം ഉണ്ടാവാന്‍ പാടില്ല. മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങളെയോ അവരുടെ നേതാക്കളെയോ പ്രതിനിധാനം ചെയ്യുന്നതായി ഉദ്ദേശിക്കുന്ന കോലങ്ങള്‍ കൊണ്ടുപോകാനും പരസ്യമായി കത്തിക്കാനും പാടില്ലാത്തതാണ്. ആരാധനാലായങ്ങള്‍ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാടില്ല. ജാതി, മതം, വര്‍ഗ്ഗം, ഭാഷ എന്നിവ ഉപയോഗപ്പെടുത്തിയും പ്രചാരണം നടത്തരുത്.
പാരിതോഷികങ്ങള്‍, പണം, മദ്യം, മയക്കുമരുന്ന് എന്നിവ വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാടില്ല. സമ്മതിദായകരെ ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, പോളിങ്ങ് സ്റ്റേഷന്റെ നൂറ് മീറ്ററിനുളളില്‍ വോട്ട് പിടിക്കുക, പോളിങ്ങ് അവസാനിപ്പിക്കുന്നതിന്റെ 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിങ്ങ് സ്റ്റേഷനിലേക്കും, പോളിങ്ങ് സ്റ്റേഷനില്‍ നിന്നും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങി തെരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്ഥാനാര്‍ഥികളും ഒഴിവാക്കേണ്ടതാണ്. പൊതു സ്ഥലങ്ങളില്‍ ചുവരെഴുത്ത്, ബോര്‍ഡ്, പോസ്റ്റര്‍, ബാനര്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: