മനില: ഫിലിപ്പീന്‍സില്‍ ഇസ്ലാമിക് ഭീകരസംഘടനയായ അബുസയ്യാഫ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ കനേഡിയന്‍ പൗരനെ ഭീകരര്‍ കൊലപ്പെടുത്തി.ഭീകരര്‍ ആവശ്യപ്പെട്ട മോചനദ്രവ്യം നല്കാന് ഭരണകൂടം വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ജോണ്‍ റിഡ്സ്ഡെല് (68) നെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
2015 സെപ്തംബറില്‍ ഫിലിപ്പീന്‍സിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ജോണ്‍ റിഡ്സ്ഡെലിനെയും മറ്റു രണ്ടു പേരെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ വിട്ടയക്കാന്‍ മോചനദ്രവ്യമായി 80 ദശലക്ഷം യുഎസ് ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോ ഭീകരര്‍ പുറത്തുവിട്ടിരുന്നു.പണം നല്‍കാത്തപക്ഷം ജോണ്‍ റിഡ്സ്ഡെനെ വധിക്കുമെന്ന മുന്നറിയിപ്പ് ഭീകരര്‍ നല്‍കിയിരുന്നു.
ഭീകരര്‍ നല്കിയ സമയപരിധി അവസാനിച്ചതോടെയാണ് റിഡ്സ്ഡെലിനെ കൊലപ്പെടുത്തിയത്. ഒരു ഖനന കമ്പനിയില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു റിഡ്സ്ഡെല്.
റിഡ്സ്ഡെലിന്റെ വധത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡ്യൂ അപലപിച്ചു. അതിക്രൂരമായ കൊലപാതകമാണിതെന്ന് ട്രൂഡ്യൂ കുറ്റപ്പെടുത്തി.
1990 മുതല്‍ അല്‍ ഖായിദ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അബു സയ്യഫ് അടുത്തിടെ ഐഎസിനോടു പരസ്യവിധേയത്വം പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക പിന്തുണയോടെ തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഐഎസ് വേരുകളാഴ്ത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് പുതിയ സംഭവവികാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: