ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ അഫ്സല്‍ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ച സംഭവത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വ്വകലാശാല കര്‍ശന നടപടി പ്രഖ്യാപിച്ചു. ഉമര്‍ഖാലിദിനെ ഒരു സെമസ്റ്ററിലേക്കും മുജീബ് ഗാട്ടുവിനെ രണ്ടു സെമസ്റ്ററിലേക്കും കാമ്പസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
ഉമര്‍ ഖാലിദിന് 20,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി യൂണിയന് ചെയര്‍മാനും കേസിലെ മുഖ്യപ്രതിയുമായ കനയ്യകുമാറിന് 10,000 രൂപ പിഴ ചുമത്തി. കേസിലെ മറ്റൊരു പ്രതി അശുതോഷിന് ജെഎന്‍യു ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിന് ഒരുവര്‍ഷത്തെ വിലക്കും 20,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
വിവാദ സംഭവത്തെപ്പറ്റി അന്വേഷണം നടത്തിയ സര്‍വ്വകലാശാല സമിതിയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി പ്രഖ്യാപിച്ചത്. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടിയാണിത്. കേസിലെ പ്രതിയായ അനിര്‍ബന്‍ ഭട്ടാചാര്യയെ അഞ്ച് വര്‍ഷത്തേക്ക് ക്യാമ്പസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. കനയ്യകുമാറിനൊപ്പം വിദ്യാര്‍ത്ഥി യൂണിയന് ജോയിന്റ് സെക്രട്ടറി സൗരഭ് ശര്‍മ്മയ്ക്കും 10000 രൂപ പിഴ പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റൊരു പ്രതി കോമള്‍ മോഹിതയ്ക്ക് ജൂലൈ 21വരെ സസ്പെന്‍ഷനും 20,000 രൂപ പിഴയും ലഭിച്ചിട്ടുണ്ട്. രാമ നാഗ, അനന്ത കുമാര്‍, ശ്വേത രാജ്, റൂബിന, ചിന്തു കുമാരി എന്നീ വിദ്യാര്‍ത്ഥികള്‍ക്കും 20,000 രൂപ പിഴയുണ്ട്. ബനോജ്യോത്സ്ന ലാഹിരി, ദ്രൗപദി ഘോഷ് എന്നിവരെ അഞ്ചുവര്‍ഷത്തേക്ക് ക്യാമ്പസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: