പാനൂര്‍(കണ്ണൂര്‍): വൈധവ്യത്തിന്റെ നീണ്ട 47വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തന്റെ പ്രിയതമന്റെ ഓര്മ്മചിത്രത്തിനു മുന്നില്‍ മാര്‍ക്സിസ്റ്റ് ഭീകരതയോട് സന്ധിയില്ലാതെ സഹനസമരവുമായി ജീവിക്കുകയാണ് തലശേരി വാടിക്കല്‍ ലീല. കണ്ണൂര്‍ ജില്ലയിലെ സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനായ ആദ്യത്തെ ബലിദാനി വാടിക്കല്‍ രാമകൃഷ്ണന്റെ ഭാര്യയാണ് ഇവര്‍.
തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ മുഖ്യമന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന കൊലപാതകത്തിലെ ഇരയായ വാടിക്കല്‍ രാമകൃഷ്ണന്റെ കുടുംബത്തിന് ഒന്നേ പറയാനുളളൂ. ഇവര്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാവുകയല്ല, എല്ലാവരെയും ശരിയാക്കുകയാണ് ചെയ്യുക എന്ന്. 1969 ഏപ്രില്‍ 29ന് ഉച്ചസമയം 2 മണിയോടെയാണ് പലഹാരം വിറ്റ് ഉപജീവനം നടത്തുന്ന വാടിക്കല്‍ രാമകൃഷ്ണനെ ഒരുസംഘം കൊലപ്പെടുത്തുന്നത്.
വയറിനേറ്റ മാരകമായ മുറിവായിരുന്നു മരണകാരണമെന്ന് ഇന്നും ലീല ഓര്‍ക്കുന്നു. നിലവിളി കേട്ടെത്തിയ രാമകൃഷ്ണന്റെ അച്ഛനും ബന്ധുക്കളും തന്നെയാണ് രക്തത്തില്‍ കുളിച്ചു കിടന്ന രാമകൃഷ്ണനെ ആശുപത്രിയിലെത്തിക്കുന്നത്. നാലു ദിവസം മരണത്തോട് പോരടിച്ചെങ്കിലും ഒടുവില്‍ കീഴടങ്ങി. അന്ന് രാമകൃഷ്ണന് 26ഉം, ലീലയ്ക്ക് 19ഉം വയസ്. കല്ല്യാണം കഴിഞ്ഞ് കുറച്ച് നാളുകള്‍ ഒന്നിച്ചു ജീവിച്ചതിന്റെ ഓര്‍മ്മകള്‍ നെഞ്ചേറ്റി കനലെരിയുന്ന വേദനയുമായി ലീല പിന്നീട് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.
ആര്‍എസ്എസിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കുറ്റം മാത്രമെ എന്റെ ഭര്‍ത്താവ് ചെയ്തിട്ടുളളൂവെന്ന് അവര്‍ പറയുമ്പോള്‍ സിപിഎം അസഹിഷ്ണുത എത്രത്തോളമെന്ന് വ്യക്തമാണ്. വാടിയില്‍പീടിക, തിരുവങ്ങാട്, ചാലില്‍ കടപ്പുറം ഇവിടങ്ങളില്‍ നിന്നും നിരവധി ആളുകളെ ശാഖയിലേക്ക് ആകര്‍ഷിക്കാന്‍ രാമകൃഷ്ണന്റെ പ്രവര്‍ത്തനത്തിനു സാധിച്ചിരുന്നു. തന്റെ വീടിന്റെ അടുത്തുളള ബീഡി തൊഴിലാളിയായ സിപിഎം പ്രവര്‍ത്തകനായിരുന്നു രാമകൃഷ്ണനെ കൊല്ലാന്‍ ഒറ്റുകാരനായതെന്ന് ലീല അടിവരയിട്ടു പറയുന്നു.
പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനടക്കം കേസില്‍ പ്രതിയായി. പിണറായി വിജയന്റെ നേതൃത്വത്തില്‍ വാടിക്കല്‍ പ്രദേശത്ത് ഒരുസംഘം ഏറുമാടമൊക്കെ കെട്ടി തമ്പടിച്ചിരുന്നതായി പറഞ്ഞു കേട്ട ഓര്‍മ്മയും ലീലയ്ക്കുണ്ട്. ജനസമ്മതിയുളള പൊതുപ്രവര്‍ത്തകനായി വളര്‍ന്നു വരുന്ന യുവാവ് സിപിഎമ്മിന് ഭീഷണിയാണെന്ന് തോന്നിയതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്രിമിനലുകളെ സംഘടിപ്പിച്ച് രാമകൃഷ്ണനെ കൊല്ലുകയായിരുന്നു.
നാലരപതിറ്റാണ്ട് കഴിഞ്ഞിട്ടും മനുഷ്യജീവനുകള്‍ കൊത്തിയെടുക്കാന്‍ നേതൃത്വം കൊടുക്കുന്നവര്‍ മാറിയെന്നല്ലാതെ സിപിഎം സമീപനത്തില്‍ യാതൊരു മാറ്റവും പ്രകടമല്ല. ഇതാണ് ഒരു മനുഷ്യജീവിതത്തിലെ സുഖങ്ങളെല്ലാം ത്യജിച്ച് വൈധവ്യത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളുമായി ജീവിക്കുന്ന ലീലയെ അലോസരപ്പെടുത്തുന്നത്. തന്നെപ്പോലെ എത്രപേര്‍? ചോദ്യം ആരോടെന്നില്ലാതെ അവര്‍ പിറുപിറുക്കുന്നു.
ആ കണ്ണില്‍ നിന്നും ഇപ്പോഴും അശ്രുകണങ്ങള്‍ ഉതിരുന്നു. അധികാരവും, പണവും ഉപയോഗിച്ച് സിപിഎം നടപ്പാക്കുന്ന കൊലപാതകം ഇവിടെ തുടരുമ്പോള്‍ ഭീതിയാണ് ആ കണ്ണുകളില്‍ നിഴലിക്കുന്നത്. തലശേരി രണ്ടാംഗേറ്റില്‍ രാമകൃഷ്ണന്റെ സഹോദരന് സുമേഷിനും കുടുംബത്തോടുമൊപ്പമാണ് ലീല കഴിയുന്നത്. സ്ത്രീത്വത്തിന് അഭിമാനമായ ലീലയുടെ ജീവിതപാത അനുകരണീയമാകുകയാണ്. ഒപ്പം രാമകൃഷ്ണനെന്ന ധീരസ്വയംസേവകനും അനശ്വരനാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: