കാട്ടാക്കട (തിരുവനന്തപുരം): കൊലക്കേസില്‍ പ്രതിയായി ജാമ്യത്തില്‍ കഴിയുന്ന സിപിഎം നേതാവ് പി. ജയരാജന് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പരസ്യാഹ്വാനം നല്കി. സിപിഎം നടത്തുന്ന കൊലപാതകങ്ങള്‍ കടം വീട്ടലാണ്. കടം വല്ലാതെ പെരുകുമ്പോള്‍ തങ്ങള്‍ അത് തിരിച്ചുകൊടുക്കുകയാണ് പതിവ്, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് മാറനല്ലൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി ഐ.ബി. സതീഷിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസ്താവിച്ചു. സിപിഎം നടത്തിയ കൊലപാതകങ്ങളെ ന്യായീകരിച്ച് സംസാരിച്ചത്. കതിരൂര്‍ മനോജ് വധക്കേസ്സില്‍ സിബിഐ ഗൂഢാലോചന കുറ്റം ചുമത്തി ഉപാധികളോടെ ജാമ്യത്തില്‍ കഴിയുന്ന ജയരാജന്റെ പ്രസംഗം വിവാദമായിക്കഴിഞ്ഞു. പ്രസംഗത്തെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കണ്ണൂരിലെ വിവിധ രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരനെന്ന് സിബിഐ കണ്ടെത്തിയ ജയരാജന്റെ ആഹ്വാനം സംസ്ഥാനത്ത് വീണ്ടും അക്രമം നടത്താനാണ്. നിയമസംവിധാനത്തെ വെല്ലുവിളിച്ചുള്ള ജയരാജന്റെ പ്രസംഗം ജാമ്യവ്യവസ്ഥയുടെ ലംഘനവുമാണ്
കഴിഞ്ഞ മാര്‍ച്ച് 23 നാണ് തലശ്ശേരു സെഷന്‍സ് കോടതി ജഡ്ജ് വി.വി. അനില്‍ കുമാര്‍ കര്‍ശന ഉപാധികളോടെ ജയരാജന് ജാമ്യം അനുവദിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ രണ്ടു മാസത്തേക്കോ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയോ പ്രവേശിക്കാന്‍ പാടില്ല. സാക്ഷികളെ സ്വാധീനിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യരുത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. പരാതി ലഭിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപാധികളോടെ കോടതി ജാമ്യത്തില്‍ നില്ക്കുന്ന ഒരു പ്രതി ജാമ്യ കലാവധി കഴിയുന്നതുവരെ മറ്റ്കുറ്റകൃത്യങ്ങളില് ഇടപെടുകയോ കുറ്റങ്ങള്‍ക്ക് പ്രേരണ നല്കുന്ന പ്രവൃത്തികളിലോ ഇടപെടാന്‍ പാടില്ല. ജയരാജന്റെ മാറനല്ലൂരിലെ പ്രസംഗം കോടതി ഉപാധികള്‍ക്ക് വിരുദ്ധമാണ്. പരാതി ലഭിച്ചാല്‍ കോടതിക്ക് ജാമ്യവും റദ്ദാക്കാം.
ജാമ്യം ലഭിക്കുന്നതുവരെ ജയരാജന് കടുത്ത അസുഖബാധിതനെന്ന് വരുത്തി തീര്‍ക്കാന്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ജാമ്യം ലഭിക്കുന്നതിനായി താന്‍ കടുത്ത അസുഖബാധിതനെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നല്‍കിയത്. ജാമ്യം ലഭിച്ചതോടെ കണ്ണൂര്‍ ജില്ലയില്‍ ഒഴികെ മറ്റ് ജില്ലകളിലെ പാര്‍ട്ടി പരിപാടികളില്‍ ജയരാജന് പങ്കടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കൊലവിളി പ്രസംഗവുമായി കണ്ണൂര്‍ ജില്ലയൊഴികെ ജയരാജന് പര്യടനം നടത്തുകയാണ്. ഇതോടെ കടുത്ത അസുഖബാധിതനാണെന്ന് വരുത്തിതീര്‍ത്ത് കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും വ്യക്തമാകുന്നു.
ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി, ‘കൊന്നിട്ടുണ്ട്, ഇനിയും കൊല്ലു’മെന്ന് നമ്പറിട്ട് ആക്രോശിച്ചതിന് സമാനമായ പ്രസംഗമാണ് ജയരാജനും നടത്തിയിരിക്കുന്നത്. സിപിഎമ്മിനെ കൊലയാളി പാര്‍ട്ടിയെന്ന് മുദ്രകുത്തിയിട്ട് കാര്യമില്ല. ഞങ്ങള്‍ക്ക് നേരെ വന്നാല്‍ ഇനിയും കൈകാര്യം ചെയ്യുമെന്ന ജയരാജന്റെ വെല്ലുവിളി തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്കും കാരണമായേക്കും. പരാതി ലഭിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ജയരാജനെതിരെ നടപടിയെടുക്കാം.
കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന രീതിയിലാണ് ജയരാജന്റെ പ്രസംഗമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കതിരൂര്‍ മനോജ് കൊലക്കേസിലും ഷുക്കൂര്‍ കൊലക്കേസിലും നടന്ന കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് ജയരാജന്റെ വെളിപ്പെടുത്തലുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിപിഎം കണ്ണൂരില്‍ നടത്തിയ കൊലപാതക പരമ്പരകളുടെ പരസ്യമായ കുറ്റസമ്മതമാണ് ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നെടുമങ്ങാട് പ്രസംഗമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രസംഗം പൂര്‍ണമായും പരിശോധിച്ച ശേഷം ജയരാജനെതിരെ ആവശ്യമെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കാഞ്ഞങ്ങാട്ട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെര. കമ്മീഷന് നടപടിയെടുക്കണം:പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: കൊലവിളിയുമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പി. ജയരാജനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കണമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്. സ്വന്തം ജില്ലയില്‍ കയറാന്‍ കോടതി വിലക്കുള്ളതിനാലാണ് മറ്റ് ജില്ലകളില്‍ പോയി അക്രമത്തിന് ആഹ്വാനം നല്‍കുന്നത്. ജയരാജന് തലസ്ഥാനത്ത് എത്തിയത് അക്രമങ്ങള്‍ ആസൂത്രണം ചെയ്യാനാണ്.സിപിഎം കൊലക്കത്തി ഉയര്‍ത്തി വെല്ലുവിളി മുഴക്കുകയാണ്. തെരഞ്ഞെടുപ്പിനിടെ അക്രമം നടത്താന്‍ ഗൂഢശ്രമം നടക്കുന്നു. കണ്ണൂര്‍ മോഡല്‍ അക്രമങ്ങള്‍ക്കാണ് അവര്‍ പദ്ധതി തയ്യാറാക്കുന്നത്. ജയരാജന്റെ ജാമ്യം റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: