തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരളം മാറിമാറി ‘ഭരിച്ച ഇടത്- വലത് മുന്നണികളുടെ തെരഞ്ഞെടുപ്പ് രംഗത്തെ പ്രഖ്യാപനങ്ങള്‍ കേള്‍ക്കുമ്പോള്‍ കണ്ണൂരാനും നാട്ടാരും അത്ഭുതം കൂറുകയാണ്. ”എല്‍ഡിഎഫ് വരും എല്ലാം ശരിയാകു”മെന്ന മുദ്രാവാക്യവുമായാണ് ഇടതര്‍ വോട്ടു തേടുന്നതെങ്കില്‍ വികസനത്തിന് ‘ഭരണ തുടര്‍ച്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് വലതര് വോട്ടു തേടുന്നത്. പ്രകടനപത്രികകളും മോഹന വാഗ്ദാനങ്ങളുമായി ഇടതരും വലതരും യാതൊരു ജാള്യതയുമില്ലാതെയാണ് വീണ്ടും ഗോദയിലിറങ്ങിയിരിക്കുന്നത്. സംസ്ഥാനതലത്തില്‍ മാത്രമല്ല നിയോജക മണ്ഡലംതലത്തിലും ഇരുമുന്നണികളും മത്സരിച്ച് പ്രകടന പത്രികകളിറക്കി വാഗ്ദാന പെരുമഴതന്നെ സൃഷ്ടിച്ച് മുന്നേറുകയാണ്. ജനങ്ങള്‍ കാലങ്ങളായി ആഗ്രഹിക്കുന്നതും ആവശ്യപ്പെട്ടു വരുന്നതുമായ കാര്യങ്ങള്‍ നടപ്പാക്കുമെന്ന വാഗ്ദാനമാണ് ഇത്തവണയും ഇടത്-വലത് മുന്നണികള്‍ മുന്നോട്ടു വെയ്ക്കുന്നത്. ഒട്ടുമിക്കതും ഇനി ഒരിക്കലും നടക്കില്ലെന്ന് കണ്ട് ജനങ്ങള്‍ ഉപേക്ഷിച്ചതാണ്. എന്നാല്‍ തങ്ങളെ വിജയിപ്പിച്ചാല്‍ ഇതെല്ലാം നടപ്പാക്കുമെന്ന പഴയ അതേ പല്ലവിയുമായി തങ്ങളുടെ മുന്നിലെത്തിയിരിക്കുന്ന ഇടത്-വലത് സ്ഥാനാര്‍ത്ഥികളോട് ഒരു വിഭാഗം വോട്ടര്‍മാരെങ്കിലും നിങ്ങള്‍ കഴിഞ്ഞ 60 പതിറ്റാണ്ട് കേരളം മാറിമാറി ‘ഭരിച്ചിട്ടും ഇതൊന്നും എന്തു കൊണ്ടു ചെയ്തില്ലെന്ന് ചോദിച്ചു തുടങ്ങിയിട്ടുണ്ട്. പിന്നെങ്ങനെ നിങ്ങള്‍ വന്നാല്‍ എല്ലാം ശരിയാകും സഖാക്കളെ. കണ്ണൂരിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന നിരവധി കാര്യങ്ങളുണ്ട്. വിജയിച്ച് അധികാര സോപാനത്തിലെത്തിയപ്പോള്‍ മറന്നുപോയ ഇവയില്‍ ചിലത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നാവും.
കണ്ണൂരില ഗതാഗതക്കുരുക്ക്, മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതി, എല്ലാവര്ക്കും കുടിവെള്ളം, ബൈപ്പാസുകളുടെയും പാലങ്ങളുടേയും നിര്‍മ്മാണ പ്രഖ്യാപനം , വളപട്ടണം-മുഴപ്പിലങ്ങാട്, തലശേരി-മാഹി ബൈപ്പാസുകളുടെ പ്രഖ്യാപനം , കാര്‍ഷികമേഖലയിലെ വന്യമൃഗശല്യം, കീടബാധ, പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ഇപ്പോഴും കടലാസില്‍ ഒതുങ്ങുന്നു. പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം എത്രയോ അകലെ. നാടിന്റെ ഇത്തരം നിരവധി അടിസ്ഥാന പ്രശ്നങ്ങള്‍ ഇത്രയും കാലം കാണാത്ത ഇക്കൂട്ടര്‍ ഇതേ വാഗ്ദാനവുമായി വീണ്ടും ജനങ്ങളിലേക്കിറങ്ങുമ്പോള്‍ ഇടതരും വലതരും ഒന്ന് ഓര്‍ക്കുന്നത് നന്നാവും വോട്ടര്‍മാര്‍ വിഡ്ഢികളല്ല. ഇക്കാലമത്രയും നിങ്ങള്‍ ഏങ്ങോട്ട് പോയി, ഇവിടെ ഇല്ലായിരുന്നോ.
ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ഇന്നലെ ഉണ്ടായതൊന്നുമല്ല. വര്‍ഷങ്ങളുടെ പഴക്കം അതിനുണ്ട്. പരിഹാരമില്ലാത്തവയോ നടപ്പാക്കാന്‍ പറ്റാത്തവയോ അല്ല അവയൊന്നും. സമയബന്ധിതമായി യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്നവ തന്നെയാണ്. കൊല്ലങ്ങള്‍ക്കു മുമ്പേ നടപ്പാക്കേണ്ടവയായിരുന്നു ഇവയില്‍ പലതും. എന്നാല്‍ ‘ഭരണത്തിന്റെ അടിത്തട്ടിലുളള തദ്ദേശ സ്വയം ‘ഭരണ സ്ഥാപനങ്ങളുടെവരെ അധികാരം വര്‍ഷങ്ങളായി കൈകാര്യം ചെയ്തു വരുന്ന ഇരു കൂട്ടരും ചേര്‍ന്ന് ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.
ഇടത്-വലത് മുന്നണികളിലെ പാര്‍ട്ടികളും നേതാക്കളും പലപ്പോഴും ഭരണപക്ഷത്തും പ്രതിപക്ഷത്തുമിരുന്നവരാണ്. എന്നാല്‍ ഇലക്ഷന് പ്രഖ്യാപിച്ചതോടെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതു പോലെ പഴയ വാഗ്ദാനങ്ങളുടെ ആവര്‍ത്തനവുമായി എത്തിയ ഇവരെ കാണുമ്പോള്‍ നാടിനെ ആദ്യമായി ഇവര്‍ കാണുകയാണെന്ന് ജനങ്ങളും കണ്ണൂരാനും തോന്നി പോകുന്നു.
നാടിന്റെ ആവശ്യങ്ങള്‍ അറിയുകയും അവയ്ക്കു പരിഹാരമുണ്ടാക്കുകയും ചെയ്യേണ്ട ജന പ്രതിനിധികള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ചക്കളത്തി പോര് നടത്തി ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുകയായിരുന്നു. ജില്ലയിലെ ഇടത്-വലത് ജനപ്രതിനിധികള്‍ ഇത്രയും കാലം തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ മറക്കുകയും സ്വന്തം കാര്യം നേടാനുളള വ്യഗ്രതയിലുമായിരുന്നു.
കണ്ണൂരിലെ ജനങ്ങള്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ തങ്ങള്‍ വിജയിപ്പിച്ചു വിടുകയും ജനങ്ങളെ മറക്കുകയും ചെയ്ത മുന്നണികള്‍ക്ക് ശക്തമായ താക്കീത് നല്‍കാനുളള സുവര്‍ണ്ണാവസരമാണ് സംജാതമായിരിക്കുന്നത്. ഇനിയെങ്കിലും കണ്ണുതുറന്ന് നന്മയുടെ പക്ഷത്ത് ചേര്‍ന്ന് മാറ്റത്തിനു വേണ്ടിയാവണം നമ്മുടെ സമ്മതിദാനം എന്നേ കണ്ണൂരാന്‍ ഇത്തരുണത്തില്‍ പറയാനുളളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: