ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്തു ലെസ്റ്റര്‍ സിറ്റി. കഴിഞ്ഞ കളിയില്‍ സ്വാന്‍സീ സിറ്റിയെ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്കു തുരത്തി ലെസ്റ്ററിന്റെ പടയോട്ടം. സൂപ്പര്‍ സ്‌ട്രൈക്കര്‍ ജെയ്‌മി വാര്‍ഡിയില്ലാതെ കളിച്ചിട്ടും എതിരാളികളെ നിലംപരിശാക്കാനായത് ലെസ്റ്ററിന്റെ ആത്മവിശ്വാസമേറ്റും.
വാര്‍ഡിക്കു പകരമെത്തിയ ലിയനാര്‍ഡോ ഉള്ളോവയുടെ ഇരട്ട പ്രഹരമാണ് ലെസ്റ്ററിനു തുണയായത്. 35 കളികളില്‍ 76 പോയിന്റുമായി ടീം ഒന്നാമത് തുടരുന്നു.
പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഗോള്‍ നേട്ടത്തോടെ ആഘോഷിച്ച റിയാദ് മഹറസാണ് ലെസ്റ്ററിന്റെ ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ടത്. പത്താം മിനിറ്റില്‍ മഹറസ് സ്വാന്‍സീയുടെ വല തുറന്നു.
പിന്നെ ഉള്ളോവയുടെ തേരോട്ടം. 30, 60 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട ഉള്ളോവ ടീമിന് അനിഷേധ്യമായ ലീഡ് നല്‍കി. 85ാം മിനിറ്റില്‍ മാര്‍ക്ക് ആല്‍ബ്രിട്ടണ്‍ പട്ടിക തികച്ചു. ലീഗിലെ മറ്റൊരു കളിയില്‍ ആഴ്‌സണലിനെ സണ്ടര്‍ലാന്‍ഡ് ഗോള്‍രഹിത സമനിലയില്‍ തളച്ചു.
ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തിന് 34 കളികളില്‍ 68 പോയിന്റ്. അടുത്ത കളിയില്‍ വെസ്റ്റ് ബ്രോംവിച്ചിനെ നേരിടുന്ന ടോട്ടനത്തിന് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയിക്കണം. മൂന്നു കളി അവശേഷിക്കുന്ന ലെസ്റ്റര്‍ രണ്ടില്‍ ജയിച്ചാല്‍ ടോട്ടനത്തിന്റെ പ്രതീക്ഷകള്‍ അവസാനിക്കും.
















