ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ സെമിയില്‍ ഇന്ന് രാജകീയ പോരാട്ടം. സ്പാനിഷ് ടീം റയല്‍ മാഡ്രിഡ് ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് നേരിടുക. ഇന്നു രാത്രി പന്ത്രണ്ടേകാലിന് സിറ്റിയുടെ എത്തിഹാദില്‍ ആദ്യ പാദം. സ്പാനിഷ് ലീഗില്‍ തുടര്‍ ജയങ്ങളോടെ കിരീട പോരാട്ടത്തിലേക്കു തിരിച്ചെത്തിയ റയല്‍ മാഡ്രിഡിന് കടുത്ത വെല്ലുവിളി ഉയര്‍ത്താനൊരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗില്‍ കിരീടം കൈവിട്ട ടീമിന് ചാമ്പ്യന്‍സ് ലീഗ് ഏക പ്രതീക്ഷ. റയല്‍ പതിനൊന്നാം കിരീടത്തിലേക്ക് കണ്ണയയ്‌ക്കുമ്പോള്‍, ആദ്യമായി സെമിയില്‍ കടന്നതിന്റെ ആവേശത്തില്‍ സിറ്റി.
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെന്ന സൂപ്പര്‍ താരത്തിന്റെ അഭാവമാകും എത്തിഹാദില്‍ റയലിനെ കുഴക്കുക. തുടയ്‌ക്കു പരിക്കേറ്റ താരം കളിക്കില്ലെങ്കിലും, ടീമിനൊപ്പം ഇംഗ്ലണ്ടിലെത്തി. ക്വാര്‍ട്ടറില്‍ ആദ്യ പാദത്തില്‍ വോള്‍ഫ്‌സിനോട് തോറ്റ റയല്‍, ബെര്‍ണാബുവില്‍ ക്രിസ്റ്റ്യാനോയുടെ കരുത്തിലാണ് ജയം നേടി അവസാന നാലിലൊന്നായത്. അതേസമയം, പരിക്കു മാറി തിരിച്ചെത്തിയ ഗരത് ബെയ്‌ലിന്റെ ബൂട്ടുകള്‍ ഗോള്‍ കണ്ടെത്തിത്തുടങ്ങിയത് റയലിനെ ആശ്വസിപ്പിക്കും. കരിം ബെന്‍സമ, ജെയിംസ് റോഡ്രിഗസ്, ഇസ്‌കോ, പെപ്പെ, റാമോസ് തുടങ്ങിയ ലോക ഫുട്‌ബോളിലെ മിന്നും താരങ്ങളുള്ളത് റയലിന്റെ പ്ലസ് പോയിന്റ്. സ്പാനിഷ് ലീഗില്‍ സമീപകാലത്ത് തോല്‍വിയറിയാതെ ടീമിന്റെ മുന്നേറ്റം.
ക്രിസ്റ്റ്യാനോയില്ലാതെ കഴിഞ്ഞ കളിയിലിറങ്ങിയ റയലിന് റയോ വല്ലെക്കാനോയോട് ജയിക്കാന്‍ നന്നായി പ്രയത്‌നിക്കേണ്ടിവന്നുവെന്നത് യാഥാര്‍ത്ഥ്യം. അവിടെ തുണച്ചത് ബെയ്‌ലിന്റെ ബൂട്ടുകള്‍.
സിറ്റിയും ആത്മവിശ്വാസത്തിലാണ്. ആദ്യമായി സെമിയിലെത്തിയതിന്റെ ആവേശം പ്രകടമാണ് ടീമില്‍. സെര്‍ജിയോ അഗ്വെയ്‌റോയുടെ മിന്നും ഫോം സിറ്റിയുടെ പ്രതീക്ഷ. അഗ്വെയ്‌റോയ്‌ക്കൊപ്പം യായ ടുറെ, ജീസസ് നവാസ്, റഹിം സ്റ്റെര്‍ലിങ്, കെവിന്‍ ഡി ബ്ര്യൂനെ, വിന്‍സന്റ് കൊംപാനി, പാബ്ലോ സബലേറ്റ തുടങ്ങിയവര്‍കൂടി ചേരുമ്പോള്‍ മാഡ്രിഡിനെ മറികടക്കാനുള്ള കെല്‍പ്പുണ്ട് മാനുവല്‍ പെല്ലിഗ്രിനിയുടെ സംഘത്തിന്.
എല്ലാ മത്സരത്തിലും ഗോള്‍ കണ്ടെത്തുന്നു അഗ്വെയ്‌റോ. എന്നാല്‍, തുടയ്‌ക്കു പരിക്കേറ്റ യായ ടുറെ കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ കളിയില്‍ സ്റ്റോക്ക് സിറ്റിയെ മുക്കി മാഞ്ചസ്റ്റര്‍ ടീം. എത്തിഹാദില്‍ മികച്ച ജയം നേടിയാല്‍ മാത്രമേ കാര്യമുള്ളൂയെന്ന് ടീമിനറിയാം. ബെര്‍ണാബുവില്‍ സ്വന്തം ആരാധകര്‍ക്കു മുന്നില്‍ ആര്‍ത്തലയ്‌ക്കുന്ന റയലിനെ പിടിച്ചുകെട്ടാന്‍ എത്തിഹാദില്‍ മികച്ച ജയം അനിവാര്യം.
നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മാഡ്രിഡിലെ വല്യേട്ടന്മാരെ തോല്‍പ്പിക്കാനായിട്ടില്ല സിറ്റിക്ക്. രണ്ടു ജയം റയലിന്റെ അക്കൗണ്ടിലുള്ളപ്പോള്‍, ഒരു മത്സരം സമനില. ഈ ചരിത്രത്തിനും പൊളിച്ചെഴുത്ത് ആവശ്യമെന്ന് നല്ല ബോധ്യമുണ്ട് സിറ്റിക്ക്.
















